കുവൈറ്റ് സിറ്റി: കുവൈറ്റിൽ കോവിഡ് പ്രതിരോധത്തിനായി വ്യാപാര മേഖലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സാമ്പത്തിക വ്യവസ്ഥയെയും തൊഴിലിനെയും ബാധിക്കും. നേരത്തേ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി വ്യാപാര മേഖല പതിയെ കരകയറി വരുന്നതിനിടെയാണ് പുതിയ നിയന്ത്രണം.
രാത്രി എട്ടിനും പുലർച്ച അഞ്ചിനും ഇടയിലാണ് വാണിജ്യ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഞായറാഴ്ച മുതൽ ഇത് പ്രാബല്യത്തിലാകും. രാത്രിയിൽ മാത്രമാണ് ഇപ്പോൾ നിയന്ത്രണമെങ്കിലും ഇത് വ്യാപിപ്പിക്കാനുള്ള സാധ്യത തള്ളാനാകില്ല. ഫാർമസി, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവക്ക് ഇളവ് നൽകിയത് ആശ്വാസമാണെങ്കിലും ഇതല്ലാത്ത ആയിരക്കണക്കിന് സ്ഥാപനങ്ങളുണ്ട്.
ഒരുമാസത്തേക്കാണ് ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയത്. ഹെൽത്ത് ക്ലബുകൾ, റിസോർട്ടുകൾ, സലൂണുകൾ എന്നിവ പൂർണമായി അടച്ചിടണം. നേരത്തേ മാസങ്ങളോളം അടച്ചിട്ടത് ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാരെ കുറച്ചൊന്നുമല്ല പ്രയാസത്തിലാക്കിയത്.
റസ്റ്റാറൻറുകൾക്ക് രാത്രി എട്ടിനും പുലർച്ച അഞ്ചിനുമിടക്ക് ഡെലിവറി സേവനങ്ങൾക്ക് അനുമതിയുണ്ട്. തമ്പുകളിലും ഹാളുകളിലും ഒരുതരത്തിലുള്ള ഒത്തുകൂടലുകളും പാടില്ലെന്ന് മന്ത്രിസഭ ഉത്തരവിട്ടു.
ദേശീയ ദിനാഘോഷ പരിപാടികൾക്കും ഇത് ബാധകമാണ്. കഴിഞ്ഞ വർഷവും ഇത്തരത്തിൽ ആദ്യം ചെറിയ നിയന്ത്രണങ്ങളിൽ തുടങ്ങി പിന്നീട് പൂർണ കർഫ്യൂ വരെ എത്തുകയായിരുന്നു. ജോലിക്ക് പോകാനാവാതെ നിരവധി പേർ പ്രയാസപ്പെട്ടു. അവശ്യ ഭക്ഷ്യവസ്തുക്കളും ഗ്യാസും തീർന്ന് പ്രയാസം ഉണ്ടായി.
വീണ്ടും കോവിഡ് വർധിക്കുമ്പോൾ പേടിപ്പെടുത്തുന്ന അക്കാലമാണ് ജനങ്ങളുടെ മനസ്സിൽ. അന്നത്തെ നിയന്ത്രണങ്ങളിൽ സാമ്ബത്തികമായി തകർന്ന പല ചെറുകിട വ്യാപാര സ്ഥാപനങ്ങളും ഇപ്പോഴും ആഘാതത്തിൽനിന്ന് പൂർണമായി മുക്തി നേടിയിട്ടില്ല.