ശാസ്താംകോട്ട: മുക്കുപണ്ടം പണയം വച്ച് കാരാളി ജംഗ്ഷനിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും ഒരു ലക്ഷത്തി നാല്പതിനായിരം രൂപ തട്ടിയ പ്രതികളെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു. തേവലക്കര പാലക്കൽ പുല്ലാട്ട് പടിഞ്ഞാറ്റതിൽ മുജീബ് (39) കൊല്ലം കാഞ്ഞിരം കിഴക്കതിൽ സബീന (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകരയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെയാണ് കഴിഞ്ഞദിവസം പിടികൂടിയത്. ജനുവരി മാസം പതിനേഴിനാണ് പ്രതികൾ മുക്കുപണ്ടമായ നാല് വളകൾ സ്വർണം ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പണയപണ്ടമായി നൽകി പണം തട്ടിയത്. ശാസ്താംകോട്ട എസ്.ഐ കെ.എച്ച്. ഷാനവാസ് , എസ്.ഐ ശ്രീകുമാർ , സി.പി.ഒ അഭിലാഷ്, സി.പി.ഒ റിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.