കൊട്ടാരക്കര : താലൂക്ക് ആശുപത്രിയിൽ നിന്ന് ഡോക്ടർമാരുടെ കുറിപ്പാടികൾ സ്വകാര്യ ലാബുകളിലേക്ക് പോകുന്നതിനു പിറകിൽ ലക്ഷങ്ങളുടെ കമ്മീഷൻ ഇടപാടുകളെന്നു പരാതി. എക്സ് റേ, സ്കാനിംഗ്, മറ്റ് ലാബുകൾ എന്നീ സൗകര്യങ്ങൾ ആശുപത്രിക്കുള്ളിലുള്ളപ്പോഴാണ് സ്വകാര്യ ലാബുകളിലേക്ക് കുറിപ്പടികൾ നൽകുന്നത്. ആശുപത്രി അധികൃതരും ലാബ് ഉടമകളും തമ്മിലുള്ള കമ്മീഷൻ ഇടപാടുകളുമായി ബന്ധപ്പെട്ട് വ്യാപക ആക്ഷേപങ്ങളുണ്ട്. ഡോക്ടറുടെ പരിശോധനാ മുറിയിൽ നിന്നും സ്വകാര്യ ലാബ് ജീവനക്കാരെ പിടികൂടിയ സംഭവവുമുണ്ടായിട്ടുണ്ട്.
ഫലത്തിന്റെ കാലതാമസം മറയാക്കുന്നു
ലക്ഷങ്ങൾ മുടക്കി താലൂക്ക് ആശുപത്രിയിൽ എക്സ് റേ, സ്കാനിംഗ്, ലാബ് സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. എന്നാൽ ഇവിടെ സ്കാൻ ചെയ്താൽ റിപ്പോർട്ട് ലഭിക്കാൻ കാലതാമസമുണ്ടെന്നും സ്വകാര്യ ലാബിൽ പോയാൽ സമയനഷ്ടമില്ലാതെ റിപ്പോർട്ട് ലഭിക്കുമെന്നും പറഞ്ഞാണ് കുറിപ്പടികൾ സ്വകാര്യ ലാബുകളിലേക്ക് നൽകുന്നത്. ഇതിനിടയിൽ തകരാറിലായ എക്സ് റേ മെഷീന്റെ അറ്റകുറ്റപ്പണികൾ നടത്താൻ സൂപ്രണ്ടടക്കം താത്പര്യമെടുത്തതുമില്ല. രണ്ട് ദിവസം മുൻപ് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായെത്തിയപ്പോഴാണ് തകരാർ പരിഹരിച്ചത്. സി.ടി, അൾട്രാ സൗണ്ട് സ്കാനിംഗുകളാണ് ആശുപത്രിയിൽ ഉള്ളത്. എം.ആർ.ഐ സ്കാനിംഗ് സൗകര്യമില്ല. ഇരുപത് ശതമാനം മുതൽ മുകളിലേക്കാണ് ആശുപത്രി അധികൃതർക്ക് സ്വകാര്യ ലാബുകൾ കമ്മീഷൻ നൽകുന്നത്. ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരോട് സ്വകാര്യ പ്രാക്ടീസ് സമയത്ത് വന്നുകാണാൻ ഡോക്ടർമാർ നിർദ്ദേശിക്കും. ഇവിടെവച്ചാണ് സ്വകാര്യ ലാബുകളിലേക്കുള്ള കുറിപ്പടികൾ ഏറെയും നൽകുന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സകല ഡോക്ടർമാരുടെ വീടിന്റെ വരാന്തയിൽ മാസവസാനം ലാബ് നടത്തുന്ന മുതലാളികൾ കവറുമായി എത്തുന്നത് നിത്യ സംഭവമാണ്.
അസൗകര്യങ്ങൾ ഏറെ
താലൂക്ക് ആശുപത്രിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഒരു വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത അഡ്മിനിസ്ട്രേഷൻ ബ്ളോക്ക് ഇപ്പോഴും അടഞ്ഞുകിടക്കുന്നു. പിൻഭാഗത്തായി കെട്ടിട നിർമ്മാണ ജോലികൾ ഇഴഞ്ഞുനീങ്ങുന്നു. അടുക്കും ചിട്ടയുമില്ലാതെ നിർമ്മാണ ജോലികളും മറ്റും നടക്കുന്നതിനാൽ ആശുപത്രിയുടെ പ്രവർത്തനവും താളം തെറ്റുകയാണ്.
പൊടിശല്യം രൂക്ഷം
താലൂക്ക് ആശുപത്രിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതുമായി ബന്ധപ്പെട്ട് പൊടിശല്യം രൂക്ഷമാണ്. പനിയും മറ്റ് പകർച്ചവ്യാധികളും പടരുന്ന സാഹചര്യമായതിനാൽ രോഗികളുടെ എണ്ണത്തിലും വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ആശുപത്രിയിലെത്തിയാൽ കണ്ണും മൂക്കും പൊത്തി നിൽക്കേണ്ട സ്ഥിതിയാണിപ്പോൾ. പൊടിശല്യമുണ്ടായിട്ടും പരിഹാര സംവിധാനമില്ല.