കൊട്ടാരക്കര: നവകേരള സദസിനായി കൊട്ടാരക്കരയിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നലെ രാത്രിയോടെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമടക്കം കൊട്ടാരക്കരയിലെത്തി. പത്തനംതിട്ടയിലെ ചടങ്ങുകൾ പൂർത്തിയാക്കി സംഘം ജില്ലാ അതിർത്തിയായ ഏനാത്ത് എത്തിയപ്പോൾ മുതൽ സ്വീകരണ പരിപാടികൾക്ക് അനൗദ്യോഗിക തുടക്കമായി. വൻ സുരക്ഷാ സംവിധാനങ്ങൾ പട്ടണത്തിലാകെ ഒരുക്കിയിട്ടുണ്ട്.
മാർത്തോമ ജൂബിലി മന്ദിരം ഗ്രൗണ്ടിൽ പന്തലിന്റെയും വേദിയുടെയും നിർമാണം ഞായറാഴ്ച രാത്രിയോടെ പൂർത്തിയായി. പരമാവധി ഏഴായിരം പേർക്കിരിക്കാവുന്ന ക്രമീകരണങ്ങളാണ് പന്തലിലുള്ളത്. ജൂബിലി മന്ദിരം ഓഡിറ്റോറിയത്തിലെ മുകൾനിലയിൽ രാവിലെ ഒൻപതിന് നടത്തുന്ന പ്രഭാത സദസ്സിൽ കൊട്ടാരക്കര, കുന്നത്തൂർ, പുനലൂർ, പത്തനാപുരം മണ്ഡലങ്ങളിൽനിന്നായി 200 പേർ പങ്കെടുക്കും. താഴത്തെനിലയിലാണ് പ്രഭാതഭക്ഷണം ഒരുക്കിയിരിക്കുന്നത്.
ഇന്നലെ നഗരസഭയുടെ നേതൃത്വത്തിൽ കൂറ്റൻ നക്ഷത്രം സ്ഥാപിച്ചതടക്കം വലിയ ഒരുക്കങ്ങളാണ് പട്ടണം നിറയെ നടത്തിയിട്ടുള്ളത്. പകൽ മഴയുണ്ടായിരുന്നെങ്കിലും ഒരുക്കങ്ങൾക്ക് കുറവുണ്ടാക്കിയില്ല. സന്ധ്യയോടെ വർണ ബൾബുകൾ മിന്നിത്തിളങ്ങി. നവകേരള സദസിനായി 24,000 ചതുരശ്ര അടി വിസ്തീർണമുള്ള പന്തലാണ് പുലമൺ ജൂബിലി മന്ദിരത്തോട് ചേർന്ന മൈതാനത്ത് തയ്യാറായിട്ടുള്ളത്. മഴ പ്രതീക്ഷിച്ചുകൊണ്ടുള്ള കരുതൽ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. മഴയോ മറ്റ് തടസങ്ങളോ ഇല്ലായെങ്കിൽ മുഖ്യമന്ത്രി എം.സി റോഡിൽ ഇറങ്ങി ജൂബിലി മന്ദിരത്തിലൊരുക്കുന്ന വിശാലമായ പന്തലിലേക്ക് നടന്നെത്തുമെന്നാണ് പ്രതീക്ഷ. വാദ്യ മേളങ്ങളും മുത്തുക്കുടകളുമടക്കം സ്വീകരണത്തിനായി സജ്ജമാക്കുന്നുണ്ട്.