പത്തനംതിട്ട : യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ യുവാവിനെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. തിരുവവന്തപുരം നെയ്യാറ്റിൻകര ഊരൂട്ടുകാല രോഹിണി നിവാസിൽ ശ്രീജിത്(28) ആണ് പിടിയിലായത്. ഇയാൾ പലരെയും ഇരകളാക്കി നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പ് കൂടൽ പോലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞു.
2023 നംവബര്‍ 6 നാണ് കൂടൽ സ്വദേശി ലക്ഷ്മി അശോകി (23) നെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച കൂടൽ പോലീസിന്, സാമ്പത്തിക ഇടപാടുകൾ മരണത്തിനു കാരണമായിട്ടുണ്ടെന്ന് തുടക്കത്തിൽ തന്നെ സംശയം തോന്നിയിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസിന്റെ നിർദേശപ്രകാരം ഊർജ്ജിതമാക്കിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതും, പ്രതിയെ പിടികൂടാൻ സാധിച്ചതും.
കോന്നി ഡി വൈ എസ് പി ടി രാജപ്പന്റെ മേൽനോട്ടത്തിൽ, കൂടൽ പോലീസ് ഇൻസ്പെക്ടർ ജി പുഷ്പകുമാറിന്റെ നേതൃത്വത്തിൽ സാമൂഹിക മാധ്യമ അക്കൗണ്ടുകളും, ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചതിനെതുടർന്നാണ് യുവാവും പെൺകുട്ടിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ ബോധ്യപ്പെട്ടത്.
പ്രതി ഇൻസ്റ്റാഗ്രാമിൽ മിഥുൻ കൃഷ്ണ എന്ന വ്യാജ പേരിൽ അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ പെൺകുട്ടിയുമായി പരിചയത്തിലായ ശേഷം, എസ് ഐ ട്രെയിനി ആണെന്ന് വിശ്വസിപ്പിച്ച് വിവാഹവാഗ്ദാനം നൽകി പണം തട്ടിയെടുക്കുകയായിരുന്നു. പണം കടമായി ആവശ്യപ്പെട്ട ഇയാൾക്ക്,സ്വർണം വിറ്റും മറ്റുള്ളവരിൽ നിന്നും കടം വാങ്ങിയും പലപ്പോഴായി യുവതി 3 ലക്ഷം രൂപ നൽകി.