ശബരിമലയിൽ അനിയന്ത്രിതമായ അവസ്ഥയില്ലെന്നും സർക്കാർ സംവിധാനങ്ങൾ അതീവ ശ്രദ്ധയോടെ ഇടപെടുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡിന് മുൻപത്തെ വർഷം സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലുമായി 11,415 പോലീസുകാരെയാണ് വിന്യസിച്ചത്. കഴിഞ്ഞ വർഷം 16,070 ആയിരുന്നു. ഇത്തവണ 16,118 പോലീസുകാരെയാണ് ശബരിമല ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. ഒരേ തരത്തിലാണ് എല്ലാ വർഷവും ഡ്യൂട്ടി നിശ്ചയിക്കുന്നത്. ശബരിമലയിൽ തിരക്ക് വരുമ്പോൾ സഹായം ചെയ്യാൻ 50 ഫോറസ്റ്റ് ബീറ്റ് ഓഫീസർമാരുടെ സേവനം വിട്ടുകൊടുത്ത് ഉത്തരവ് ഇറങ്ങിയിട്ടുണ്ടെന്നും കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയിലെ വികസനത്തിനായി കഴിഞ്ഞ ഏഴ് വർഷത്തിനിടെ 220 കോടി രൂപ സർക്കാർ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ശബരിമല മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. ഇതിന്റെ ഭാഗമായ വികസന പ്രവർത്തനങ്ങൾ ഹൈക്കോടതി ഹൈപവർ കമ്മിറ്റിയുടെ അംഗീകാരത്തോടെ നടന്നു വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല തീർത്ഥാടകർക്കും തീർത്ഥാടന കാലത്തിനു ശേഷം പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ആറ് ഇടത്താവളങ്ങൾ പൂർത്തിയായി വരുന്നു. കിഫ്ബിയിൽ നിന്നും 108 കോടി രൂപ ചെലവിട്ടാണ് ചെങ്ങന്നൂർ, കഴക്കൂട്ടം, ചിറങ്ങര, എരുമേലി, നിലയ്ക്കൽ, മണിയംകോട് എന്നിവിടങ്ങളിൽ ഇടത്താവളം നിർമിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.