കേരളം കൈവരിച്ച നേട്ടങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന കേരളീയം 2023 ന്റെ ആദ്യ പതിപ്പിന് തുടക്കം. ഇനി ഭാവികേരളത്തിന്റെ രൂപകൽപ്പനയ്ക്കായുള്ള ചിന്തകളുടെയും കലാസംസ്‌കാരിക പരിപാടികളുടെയും ഭക്ഷ്യ വൈവിധ്യത്തിന്റെയും വൈദ്യുത ദീപാലങ്കാരങ്ങളുടെയും ഏഴ് ഉത്സവദിനങ്ങൾ.
സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കേരളീയം ഉദ്ഘാടന ചടങ്ങിൽ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. ലോകം ശ്രദ്ധിച്ച കേരളവികസന മാതൃകയുടെ നേട്ടങ്ങളിൽ ഊന്നിനിന്നുകൊണ്ട് പുതിയ കാലത്തിന്റെ വെല്ലുവിളികളെ നാം ഏറ്റെടുക്കുകയാണെന്ന് മന്ത്രി പറഞ്ഞു. നാലാം വ്യാവസായിക വിപ്ലവവും നിർമ്മിതബുദ്ധിയും മെഷീൻ ലേണിംഗുമെല്ലാം ലോകത്തിന്റെ ചിന്താഘടനയെ തന്നെ മാറ്റിമറിക്കുന്ന ഈ ഘട്ടത്തിലാണ് കേരളം ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി പരിണമിക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ സവിശേഷതകൾ കേരളീയത്തിൽ പ്രതിഫലിക്കും.
കോവിഡ് മഹാമാരിയും അതിനുശേഷമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും മറികടന്ന് ലോകം അതിവേഗം കുതിക്കുന്ന ഘട്ടത്തിൽ കേരളം ലോകത്തെ ഒറ്റപ്പെട്ട ഒരു കോണിലുള്ള അടഞ്ഞ മുറിയായിരുന്നു കൂട. നാം ഇതുവരെ ആർജിച്ച നേട്ടങ്ങളുടെ കരുത്തിൽ പുതിയ കാലത്തെ വെല്ലുവിളികളെ മറികടന്ന് നമുക്ക് മുന്നോട്ട് കുതിക്കേണ്ടതുണ്ട്. അവരുടെ മുന്നോട്ടുള്ള കുതിപ്പിൽ കേരളം അവർക്കൊരു വഴികാട്ടിയായി മാറാൻ ആ കുതിപ്പിന്റെ പാഠങ്ങൾ ലോകമെമ്പാടുമുള്ള ജനതകൾ അറിയണം.
കേരളീയം എല്ലാ വിഭാഗങ്ങൾക്കും പുത്തൻ അറിവിന്റെയും അവസരങ്ങളുടെയും ലോകം തുറന്നുകൊടുക്കും. കേരളത്തിൽ നിന്നുള്ളവർക്ക് നമ്മുടെ വികസന മാതൃകകൾ ലോകത്തിനു മുമ്പാകെ അവതരിപ്പിക്കാനാവും. ലോക വൈജ്ഞാനിക രംഗത്തു നിന്ന് നമുക്കു പലതും ഉൾക്കൊള്ളാനുമാകും. കേരളത്തിലെ പുതിയ തലമുറക്ക് പുതിയ ലോകം എന്താണെന്ന് അറിയാനുള്ള ഒരു വാതിൽ അത് തുറക്കും. നമ്മുടെ പുതിയ തലമുറയുടെ മികവ് എന്താണെന്ന് ലോകത്തിന് അറിയാനുള്ള അവസരവും അത് സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.