സാമൂഹിക സൂചികയിലും ജീവിത നിലവാരത്തിലും പ്രാദേശിക ഭരണ നിർവഹണത്തിലും കേരളം രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാണെന്നു നടൻ കമലഹാസൻ. കേരളീയം 2023ന്റെ ഉദ്ഘാടന ചടങ്ങിൽ ആശംസയർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെക്കുറിച്ചു താൻ പറയുന്ന കാര്യങ്ങൾ എന്താണെന്നു രാജ്യം അറിയണമെന്നതിനാൽ ഇംഗ്ലിഷിൽ പ്രസംഗിക്കുകയാണെന്നു പറഞ്ഞാണ് അദ്ദേഹം ആശസാ പ്രസംഗം ആരംഭിച്ചത്. വികസന പദ്ധതികളുടെ നടത്തിപ്പിലും വികേന്ദ്രീകൃതാസൂത്രണത്തിലും രാജ്യത്തെ ഏറ്റവും മികച്ച മാതൃകയാണു കേരളമെന്ന് അദ്ദേഹം പറഞ്ഞു. കലാകാരനെന്ന നിലയിലും രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിലും കേരളത്തിൽനിന്നു നിരവധി പാഠങ്ങൾ താൻ ഉൾക്കൊണ്ടിട്ടുണ്ട്.
നിർണായകവും ഗൗരവവുമായ സാമൂഹ്യ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതാണു മലയാള സിനിമകൾ. സാമൂഹ്യ പ്രതിബദ്ധതയുള്ള കേരള സംസ്‌കാരം രൂപപ്പെടുന്നതിൽ ഇവിടുത്തെ സിനിമകൾ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പുരോഗമനപരമായ സാമൂഹ്യബോധം പ്രതിഫലിപ്പിക്കുന്നതൂകൂടിയാണിത്. തന്റെ രാഷ്ട്രീയ പ്രവേശന സമയത്ത് കേരളത്തിലെ രീതികൾ മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. പ്രശസ്തമായ കേരള മോഡൽ വികസനത്തിൽനിന്നു താൻ പ്രചോദനമുൾക്കൊണ്ടു. വികേന്ദ്രീകൃതാസൂത്രണം അതിന്റെ യഥാർഥ അർഥത്തിൽ നടപ്പാക്കാൻ രാജ്യത്തെ പല സംസ്ഥാനങ്ങളും ബുദ്ധിമുട്ടുമ്പോഴും 1994ൽ തുടങ്ങിയ ജനകീയാസൂത്രണ പദ്ധതിയിലൂടെ കേരളം അതു നടപ്പാക്കിക്കാണിച്ചു. സാമൂഹ്യ രംഗത്തും വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലും നടപ്പാക്കിയ കേരള മോഡൽ വികസനവും രാജ്യത്തിനു മാതൃകയാണ്. പ്രാദേശിക സർക്കാരുകളെ ശക്തിപ്പെടുത്തിയതാണു കോവിഡ് മഹാമാരിയെ മികച്ച രീതിയിൽ നേരിടാൻ കേരളത്തെ പ്രാപ്തമാക്കിയത്.