അനാചാരങ്ങളുടെ തിരിച്ചുവരവിനെതിരെ ജാഗ്രത്തായിരിക്കണമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

നരബലി പോലുള്ള അനാചാരങ്ങളുടെ തിരിച്ചുവരവിനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് സംസ്ഥാന പുരാവസ്തു, പുരാരേഖാ, മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ ഓർമിപ്പിച്ചു.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാന പുരാരേഖാ വകുപ്പ് സംഘടിപ്പിച്ച ‘കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ ചട്ടമ്പി സ്വാമികൾ വഹിച്ച പങ്ക്’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തെ വക്രീകരിക്കുന്ന പ്രവർത്തനങ്ങളേയും തിരിച്ചറിഞ്ഞ് പ്രതിരോധം കെട്ടിപ്പടുക്കേണ്ടതായിട്ടുണ്ട്. സാമൂഹിക പരിഷ്‌ക്കരണത്തിനായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു ചട്ടമ്പി സ്വാമികളുടേതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ‘അസാമാന്യമായ സർഗാത്മകതയുടെ ഉറവിടമായിരുന്നു അദ്ദേഹം. ഒരു ഹിന്ദു സന്യാസിയായ അദ്ദേഹം ക്രിസ്തു മതത്തെക്കുറിച്ച് ആഴത്തിൽ പഠിച്ച് വിലപ്പെട്ട ഗ്രന്ഥങ്ങൾ രചിച്ചു. മതപരമായ അനാചാരങ്ങളുടെ അന്ത:സ്സാരശൂന്യത തന്റെ കൃതികളിലൂടെ സ്വാമികൾ വെളിപ്പെടുത്തി,’ മന്ത്രി കൂട്ടിച്ചേർത്തു.
ബ്രാഹ്‌മണർക്ക് മാത്രം വേദ പഠനം സാധ്യമായ കാലത്ത് അവർണ ജാതിയിൽ പിറന്ന് വേദങ്ങൾ ആഴത്തിൽ പഠിച്ച് വേദാന്തദർശനം അവതരിപ്പിച്ച മഹാനായിരുന്നു ചട്ടമ്പി സ്വാമികൾ.
യുക്തിയാണ് പ്രധാനം എന്ന് ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്ത ക്രാന്തദർശിയായിരുന്നു സ്വാമികളെന്ന് വിഷയം അവതരിപ്പിച്ച് സംസാരിച്ച പുരാരേഖാ വകുപ്പ് എഡിറ്റോറിയൽ കമ്മിറ്റി ചെയർമാൻ പ്രൊഫ. വി കാർത്തികേയൻ നായർ ചൂണ്ടിക്കാട്ടി. വലിയ വിദ്യാഭ്യാസമില്ലാതിരുന്നിട്ടും പാശ്ചാത്യ ദർശനം, ഇസ്ലാം, ക്രൈസ്തവ മതങ്ങളിലുള്ള ആഴത്തിലുള്ള ജ്ഞാനം എന്നിവ നേടിയ സ്വാമികൾ യുക്തിപരമായി സാമൂഹിക പ്രശ്‌നങ്ങളെ കൈകാര്യം ചെയ്തു.
കൗൺസിലർ ശരണ്യ എസ്.എസ് അധ്യക്ഷത വഹിച്ചു. പുരാരേഖാ വകുപ്പ് ഡയറക്ടർ രജികുമാർ ജെ, കേരള ചരിത്ര പൈതൃക മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ ചന്ദ്രൻപിള്ള, കേരള സാക്ഷരതാ മിഷൻ സെക്രട്ടറി പ്രൊഫ. എ ജി ഒലീന തുടങ്ങിയവർ സംസാരിച്ചു.
There are no comments at the moment, do you want to add one?
Write a comment