കൊട്ടാരക്കര: ഇന്ത്യയിൽ കർഷകർ നടത്തിയ അതിജീവന പോരാട്ടത്തിൽ ഭരണകൂടത്തിന് മുട്ടുമടക്കേണ്ടി വന്നത് സമര ചരിത്രത്തിലെ ജ്വലിക്കുന്ന ഏടായിരിക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. രാജ്യത്തെ കർഷകർ നടത്തിയ ഐതിഹാസിക സമര വിജയം ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ തകർച്ചയുടെ തുടക്കമാണെന്നും മന്ത്രി പറഞ്ഞു.സി പി എം കൊട്ടാരക്കര ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയുടെ പൈതൃകമായ പൊതുമേഖലാ സ്ഥാപനങ്ങളും സ്വാതന്ത്ര്യലബ്ധിക്കു ശേഷം വിജയം കൈവരിച്ച സ്ഥാപനങ്ങളും കോർപ്പറേറ്റുകൾക്ക് തീറെഴുതിക്കൊണ്ടിരിക്കുകയാണ്. മതവും ജാതിയും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് കേന്ദ്ര ഭരണകൂടം. ഇതിനെതിരായുള്ള ജാഗ്രത അനിവാര്യമാണ്.ജനങ്ങൾ പ്രതീക്ഷയും പ്രത്യാശയും അർപ്പിക്കുന്ന കേരള മോഡൽ സങ്കുചിത താൽപര്യത്തോടെ തകർക്കാനുള്ള ഗൂഢശ്രമത്തെ ചെറുത്തു തോൽപിക്കാൻ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിൽ സി പി എം നേതാക്കളായ സൂസൻ കോടി, കെ.രാജഗോപാൽ, എസ്.സുദേവൻ, പി.എ.എബ്രഹാം, ജോർജ് മാത്യു, പി.കെ.ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനം ഇന്ന് സമാപിക്കും
