കോഴിക്കോട് : നടൻ ധർമജൻ ബോൾഗാട്ടിയെ ബാലുശ്ശേരി മണ്ഡലത്തിൽ സ്ഥാനാർഥിയാക്കുന്നതിനെതിരെ കെ പി സി സി ക്ക് പരാതിയുമായി ബാലുശ്ശേരി യു ഡി എഫ് യോഗം. ധർമജൻ സ്ഥാനാർഥിയായാൽ നടി ആക്രമിക്കപ്പെട്ട കേസ് എതിരാളികൾ ചർച്ചയാക്കുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ബാലുശ്ശേരി പോലുള്ള ഒരു മണ്ഡലം പിടിച്ചെടുക്കണമെങ്കിലും രാഷ്ട്രീയ പരിചയമുള്ള ഒരാൾ വേണം. നടിയെ ആക്രമിച്ച കേസിലടക്കം യുഡിഎഫ് പ്രവർത്തകർക്ക് മറുപടി പറയേണ്ട ബാധ്യതയുണ്ടാക്കുമെന്നും പരാതിയിൽ പറയുന്നു. നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിൽ ധർമജൻ ദിലീപിനെ ശക്തമായി പിന്തുണച്ചത് വിവാദമായിരുന്നു.
ബാലുശ്ശേരി കോ ഓപ്പറേറ്റീവ് കോളേജിൽ ചേർന്ന യു ഡി എഫ് യോഗമാണ് ഐകകണ്ഠ്യേന ആവശ്യപ്പെട്ടത്. യോഗത്തിൽ കെ പി സി സി അംഗങ്ങളടക്കം പങ്കെടുത്തിരുന്നു. സംവരണ മണ്ഡലമായ ബാലുശ്ശേരിയിൽ വളരെ നേരത്തേ തന്നെ ഉയർന്നു കേൾക്കുന്ന പേരാണ് ധർമജൻ ബോൾഗാട്ടിയുടെത്.