പാലക്കാട് / പട്ടാമ്പി : ദേശാടനപ്പക്ഷികൾ വിരുന്നെത്തുന്ന പട്ടാമ്പി നിളയോരത്ത് പക്ഷിനിരീക്ഷണത്തിന് അവസരം. കേരള വനം-വന്യജീവി വകുപ്പിന്റെ സാമൂഹികവനവത്കരണവിഭാഗമാണ് ഞായറാഴ്ച രാവിലെ ആറുമുതൽ ഒമ്പതുവരെ ഭാരതപ്പുഴയിലെ പക്ഷികളെ നിരീക്ഷിക്കാനും സർവേ നടത്താനും അവസരമൊരുക്കുന്നത്. 45 പേർക്കാണ് അവസരം ലഭിക്കുന്നത്. ഇതിനോടകം 35-ഓളം പേർ വിവിധ ജില്ലകളിൽനിന്നായി രജിസ്റ്റർചെയ്തുകഴിഞ്ഞെന്ന് അധികൃതർ പറഞ്ഞു.

നിരീക്ഷണത്തോടൊപ്പം പഠനവും
പക്ഷിനിരീക്ഷണത്തോടൊപ്പം കാലാവസ്ഥാവ്യതിയാനവും മറ്റും പഠനവിധേയമാക്കുകയാണ് ലക്ഷ്യമിടുന്നത്. ദേശാടകരായെത്തുന്ന പക്ഷികളെ നിരീക്ഷിച്ച് ഇവയുടെ പ്രത്യേകതകളും മറ്റും പഠിച്ച് നിളാതടത്തിലെ ആവാസവ്യവസ്ഥയ്ക്ക് വന്നിട്ടുള്ള മാറ്റം കണ്ടെത്തും. ജലനിരപ്പ് താഴുന്ന ഡിസംബർമുതൽ നിളാതടത്തിലും നിളയോരത്തെ പാടശേഖരങ്ങളിലും മറ്റും അപൂർവങ്ങളായ നിരവധി പക്ഷികൾ എത്താറുണ്ട്. പുതുതായി എത്തുന്ന ഇനങ്ങളെയും പഴയയിനം ദേശാടകരെയും പ്രത്യേകം കണ്ടെത്തി പഠനവിധേയമാക്കും.
നിരീക്ഷണം അഞ്ച് ഹെക്ടറോളം സ്ഥലത്ത്
പട്ടാമ്പി പാലത്തിന് സമീപത്തുനിന്ന് തുടങ്ങി അഞ്ച് ഹെക്ടറോളം സ്ഥലത്താണ് പക്ഷിസർവേ നടത്തുക. പക്ഷിനിരീക്ഷകർ നിളയോരത്തെ ദേശാടകരെ തേടിയെത്താറുണ്ടെങ്കിലും പൊതുജനപങ്കാളിത്തത്തോടെ പക്ഷിസർവേ ആദ്യമാണ്. രജിസ്റ്റർചെയ്തവർ അഞ്ചരയോടെതന്നെ പുഴയിലെത്തണം.
തൃശ്ശൂരിലെ സെന്റർ ഫോർ വൈൽഡ് ലൈഫ് സ്റ്റഡീസിലെ പ്രൊഫ. ഡോ. പി.ഒ. നമീർ, സാമൂഹികവനവത്കരണ വിഭാഗം പാലക്കാട് ഡിവിഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ജി. ഹരികൃഷ്ണൻ നായർ എന്നിവരാണ് നേതൃത്വം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 9447310172, 9446974907.