കോൺഗ്രസ് അധ്യക്ഷനെ ജൂണിൽ പ്രഖ്യാപിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷനെ ജൂണില്‍ പ്രഖ്യാപിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. തെരഞ്ഞെടുപ്പിലൂടെയായിരിക്കും അധ്യക്ഷനെ കണ്ടെത്തുക. സംഘടനാ തെരഞ്ഞെടുപ്പ് മേയില്‍ നടത്തുമെന്നും പ്രവൃത്തക സമിതി യോഗത്തിനുശേഷം അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനുശേഷമാണ് അധ്യക്ഷനെ തെരഞ്ഞെടുക്കുക. അതേസമയം സംഘടന തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന് മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, മുകള്‍ വാസ്നിക്, പി. ചിദംബരം എന്നിവര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ ശൈലി മാറണം. പലയിടത്തും കോണ്‍ഗ്രസിന്റെ അടിത്തറ ഇളകിയിരിക്കുകയാണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
അശോക് ഗെഹ്ലോട്ട്, അമരീന്ദര്‍ സിംഗ്, എ.കെ. ആന്റണി, താരിഖ് അന്‍വര്‍, ഉമ്മന്‍ ചാണ്ടി തുടങ്ങിയ നേതാക്കളാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ തെരഞ്ഞെടുപ്പ് ബംഗാള്‍, തമിഴ്നാട്, കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനുശേഷം മതിയെന്ന് ആവശ്യപ്പെട്ടത്. സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്കാണ് പ്രഥമ പരിഗണന. അതിനുശേഷം പാര്‍ട്ടി തെരഞ്ഞെടുപ്പ് മതിയെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ദേശീയ നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണെന്നും അതിനാല്‍ സംഘടന തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വ്യക്തമാക്കി. ഇതോടെ ജൂണില്‍ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാമെന്ന് പ്രവൃത്തക സമിതി തീരുമാനിക്കുകയായിരുന്നു.
There are no comments at the moment, do you want to add one?
Write a comment