കൊവിഷീൽഡ് വാക്സിന് ഉടൻ അനുമതി നൽകിയേക്കും

ന്യൂഡല്‍ഹി: രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി കൊവിഷീല്‍ഡ് വാക്സിന് അനുമതി ലഭിച്ചേക്കും. ഓക്സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനക്കയും ചേര്‍ന്നു വികസിപ്പിച്ച് പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന ‘കൊവിഷീല്‍ഡ്’ വാക്സിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി അനുമതിക്ക് ശുപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ട്.
ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ അന്തിമ അനുമതി നല്‍കുന്നതോടെ ഇന്ത്യയില്‍ വാക്സീന് വിതരണ ദൗത്യത്തിനു തുടക്കമാകും. മറ്റു രണ്ടു വാക്സീനുകളുടെ അപേക്ഷകളില്‍ വിദഗ്ധ പരിശോധന തുടരുകയാണ്. കൊവിഷീല്‍ഡ് വാക്സീന് 62% മുതല്‍ 90% വരെ ഫലപ്രാപ്തിയുണ്ടെന്നായിരുന്നു യുകെ, ബ്രസീല്‍ എന്നിവിടങ്ങളിലായി നടന്ന ട്രയല്‍ഫലം.
നാളെ നടക്കുന്ന ഡ്രൈ റണ്ണിന്റെ ഭാഗമായി രാജ്യത്തെ ഓരോ സംസ്ഥാനങ്ങളിലും മൂന്നിടങ്ങളിലായി ഇരുപത്തിയഞ്ച് പേരിലാണ് വാക്സിന് ട്രയല്‍ നടക്കുക. കേരളവും മഹാരാഷ്ട്രയും തലസ്ഥാന ജില്ലയ്ക്കു പുറത്തുള്ള നഗരങ്ങളിലാകും ഡ്രൈ റണ്‍ നടത്താന്‍ സാധ്യതയെന്നു കേന്ദ്രം അറിയിച്ചു.
മുന്‍ഗണനാ വിഭാഗത്തിലെ 30 കോടി പേര്‍ക്ക് ഓഗസ്റ്റിനു മുന്‍പായി വാക്സീന് നല്‍കാനാണു കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. മരുന്ന് കുത്തിവെയ്ക്കുന്നതിനായി 83 കോടി സിറിഞ്ചുകള്‍ക്ക് കേന്ദ്രം ഓര്‍ഡര്‍ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
There are no comments at the moment, do you want to add one?
Write a comment