തപാൽ വോട്ടുകൾ കൈമാറാൻ പ്രത്യേക സംവിധാനം

കോട്ടയം: ഓരോ തലത്തിലും ലഭിക്കുന്ന മറ്റു തലങ്ങളിലെ തപാല്‍ ബാലറ്റുകള്‍ വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ടിനു മുൻപ് അതത് വരണാധികാരികള്‍ക്ക് കൈമാറുന്നതിന് പ്രത്യേക മെസഞ്ചര്‍ സംവിധാനമുണ്ടാകും.
ഇതിനായി വരണാധികാരികള്‍ തപാല്‍ ബാലറ്റും സത്യപ്രസ്താവനയും അടങ്ങിയ ഫോറം 19, ഫോറം 19 ഇ എന്നീ വലിയ കവറുകളിലെ മേല്‍വിലാസം മുന്‍കൂറായി പരിശോധിക്കും. ഓരോ തലത്തിലെയും തപാല്‍ ബാലറ്റുകള്‍ വരണാധികാരികള്‍ മാത്രമേ തുറക്കാന്‍ പാടുള്ളൂ.
ത്രിതല പഞ്ചായത്തുകളില്‍ ഓരോ തലത്തിലെയും സാധാരണ തപാല്‍ ബാലറ്റുകളും പ്രത്യേക തപാല്‍ ബാലറ്റുകളും അതത് വരണാധികാരികളാണ് എണ്ണുക. മുനിസിപ്പാലിറ്റികളില്‍ വരണാധികാരികള്‍ തങ്ങളുടെ ചുമതലയിലുള്ള വാര്‍ഡുകളുടെ തപാല്‍ വോട്ടുകളാണ് എണ്ണുക.തപാല്‍ വോട്ടുകള്‍ എണ്ണുന്നതിനു മുൻപ് തപാല്‍ ബാലറ്റ് അടങ്ങിയ ചെറിയ കവറിനൊപ്പം സാക്ഷ്യപ്പെടുത്തിയ ഫോറം 16 സിയിലുള്ള സത്യപ്രസ്താവനയുണ്ടെന്ന് ഉറപ്പാക്കണം.
സാധാരണ തപാല്‍ ബാലറ്റിനും സ്പെഷല്‍ തപാല്‍ ബാലറ്റിനുമൊപ്പം വോട്ടര്‍മാര്‍ സമര്‍പ്പിക്കുന്ന ഫോറം 16ലെ സത്യപ്രസ്താവന സാക്ഷ്യപ്പെടുത്തുന്ന ഓഫിസറുടെ ഒപ്പും മേല്‍വിലാസവും ചേര്‍ത്തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ സീലോ ഓഫിസ് സീലോ ഇല്ലെന്ന കാരണത്താല്‍ ബാലറ്റ് തള്ളിക്കളയില്ല.
വോട്ടെണ്ണല്‍ ആരംഭിച്ചശേഷം വരണാധികാരികള്‍ക്ക് ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ അടങ്ങിയ കവറുകള്‍ ഒരു കാരണവശാലും തുറക്കാന്‍ പാടില്ല. അവക്കുപുറത്ത് സ്വീകരിച്ച സമയം എഴുതി മറ്റു രേഖകള്‍ക്കൊപ്പം സുരക്ഷിതമായി സൂക്ഷിക്കണം.
There are no comments at the moment, do you want to add one?
Write a comment