ചെക്ക് തട്ടിപ്പുകൾ തടയാൻ പുതിയ സുരക്ഷ സംവിധാനവുമായി റിസർവ് ബാങ്ക്

കൊച്ചി : ചെക്ക് തട്ടിപ്പുകള്‍ തടയാന്‍ പുതിയ സുരക്ഷ സംവിധാനവുമായി റിസര്‍വ് ബാങ്ക്. ‘പോസിറ്റീവ് പേ സിസ്റ്റം’ എന്ന സംവിധാനമാണ് റിസര്‍വ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. ജനുവരി ഒന്നു മുതല്‍ ഈ സംവിധാനം നിലവില്‍ വരും. 50,000 രൂപയിലധികം തുക വരുന്ന ചെക്കുകള്‍ക്കാണ് ഈ സുരക്ഷാ സംവിധാനം ബാധകമാകുന്നത്. അഞ്ച് ലക്ഷം രൂപയില്‍ കൂടുതല്‍ തുക വരുന്ന ചെക്കിന് സ്വമേധയാ പോസിറ്റീവ് പേ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യവും ബാങ്കിന്റെ പരിഗണനയിലുണ്ട്.
ബാങ്കില്‍ ഉയര്‍ന്ന തുകയുടെ ചെക്ക് സമര്‍പ്പിക്കുമ്പോൾ അക്കൗണ്ട് ഉടമയുടെ ചെക്കിലുള്ള വിശദ വിവരങ്ങള്‍ വീണ്ടും പരിശോധിച്ച് ഉറപ്പാക്കിയ ശേഷം ക്ലിയറന്‍സ് ചെയ്യുന്ന സംവിധാനമാണ് പോസിറ്റീവ് പേ സിസ്റ്റം. അക്കൗണ്ട് ഉടമകള്‍ക്ക് എസ്.എം.എസ്, മൊബൈല്‍ ആപ്, ഇന്റര്‍നെറ്റ് ബാങ്കിങ്, എ.ടി.എം. തുടങ്ങി ഏതെങ്കിലും ഇലക്ട്രോണിക് രീതിയിലൂടെ ചെക്കിലെ വിവരങ്ങള്‍ ബാങ്കിന് കൈമാറാം.
തുടര്‍ന്ന് ചെക്ക് ക്ലിയറന്‍സിനെത്തുമ്പോൾ ഈ വിവരങ്ങളുമായി ബാങ്ക് ഒത്തു നോക്കും. വിവരങ്ങള്‍ ഒത്തു നോക്കുമ്പോൾ എന്തെങ്കിലും പ്രശ്നം കണ്ടാല്‍ ചെക്ക് നല്കിയ ബാങ്കിനെയും പിന്‍വലിക്കുന്ന ബാങ്കിനെയും സി.ടി.എസ് (ചെക്ക് ട്രാന്സാക്ഷന് സിസ്റ്റം) ഈ വിവരം അറിയിക്കും. അതേസമയം, ചെക്ക് ഇടപാടുകള്‍ക്ക് പോസിറ്റീവ് പേ സംവിധാനം തിരഞ്ഞെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താവിനുണ്ട്.
There are no comments at the moment, do you want to add one?
Write a comment