കോട്ടയം : ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി ബസുകളുടെ യാത്രാപരിധി 140 കിലോമീറ്ററായി ചുരുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കുമെന്ന് ബസ് ഉടമകള്‍. സര്‍ക്കാര്‍ തീരുമാനം നടപ്പായാല്‍ നിരവധി ബസുകള്‍ നിരത്തൊഴിയേണ്ടിവരും.
ഏറ്റവും തിരക്കുള്ള കോട്ടയം-കുമളി റൂട്ടില്‍ 110 കിലോമീറ്ററാണ് ദൂരം. എന്നാല്‍, അവിടെനിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് പോകണമെങ്കില്‍ മാറിക്കയറണം. സാധാരണക്കാരന് യാത്രാസമയവും ബസ് ചാര്‍ജും നഷ്ടം. കുറഞ്ഞ സമയത്തില്‍ ചെറിയ തുകയില്‍ യാത്രചെയ്യാനുള്ള സാധാരണക്കാരെന്റ അവസരമാണ് ഇല്ലാതാകുന്നതെന്നും ബസ് ഉടമകള്‍ പറയുന്നു.
ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെര്‍മിറ്റ് ഹൈകകോടതി നിര്‍ദേശപ്രകാരം നേരത്തേ കെ.എസ്.ആര്.ടി.സി ഏറ്റെടുത്തിരുന്നു. എന്നാല്‍, സ്വകാര്യബസ് ഉടമകളുടെ ആവശ്യം കണക്കിലെടുത്ത് ഇവര്‍ക്കും ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറിയായി ഓടാന്‍ അനുമതി നല്കി.
ഒരേസമയത്ത് ഓട്ടം തുടങ്ങിയതോടെ ഈ പെര്‍മിറ്റുകള്‍ കെ.എസ്.ആര്.ടിസിക്ക് ബാധ്യതയായി. ഈ അവസരത്തിലാണ് ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി എന്ന പേരില്‍ സ്വകാര്യ ബസുകള്‍ക്ക് പരിധിയില്ലാതെ ഓടാന്‍ നല്കിയ അനുമതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അന്തിമ ഉത്തരവ് വന്നിട്ടില്ല. ഇതു സംബന്ധിച്ച് സര്‍ക്കാറിനെ എതിര്‍പ്പ് അറിയിച്ച് കാത്തിരിക്കുകയാണ് സ്വകാര്യബസ് സംഘടനകള്‍.