ആലത്തൂർ ഗ്രാമപഞ്ചായത്ത് 2020-21 സാമ്പത്തിക വർഷം വൃദ്ധർക്ക് കട്ടിൽ പദ്ധതി പ്രകാരം എഴുപത് വയസ്സ് കഴിഞ്ഞവർക്ക് കട്ടിലുകൾ വിതരണം ചെയ്തു. കട്ടിലുകളുടെ വിതരണോദ്ഘാടനം ആലത്തൂർ എംഎൽഎ കെ.ഡി പ്രസേനൻ നിർവഹിച്ചു. സാമ്പത്തികമായി പുറകിൽ നിൽക്കുന്ന എഴുപത് വയസ് തികഞ്ഞ ദുർബ്ബലജനങ്ങൾക്ക് കട്ടിലുകൾ നൽകുന്നതിലൂടെ ചെറിയ സഹായം ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്ന് കെ.ഡി പ്രസേനൻ എംഎൽഎ പറഞ്ഞു. പഞ്ചായത്ത് ഭരണസമിതിയുടെ അഗീകാരത്തോടെ 118 കട്ടിലുകളാണ് പഞ്ചായത്തിലെ വൃദ്ധർക്ക് വിതരണം ചെയ്തത്. ജനറൽ വിഭാഗത്തിൽപ്പെട്ട വയോധികർക്കാണ് കട്ടിൽ വിതരണം ചെയ്തത്. അടുത്ത ഘട്ടത്തിൽ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് 56 കട്ടിലുകൾ വിതരണം ചെയ്യും. ഇതോടെ ആലത്തൂർ ഗ്രാമപഞ്ചായത്തിനെ വയോജനങ്ങൾക്ക് സമ്പൂർണമായി കട്ടിൽ വിതരണം ചെയ്ത പഞ്ചായത്തായി പ്രഖ്യാപിക്കും.
ആലത്തൂർ ആലിയാ മഹൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ആലത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എ നാസർ അധ്യക്ഷനായി. ആലത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രമ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി കൃഷ്ണൻ മാസ്റ്റർ, പഞ്ചായത്ത് മെമ്പർമാരായ പി.വിജയൻ, റംല ഉസ്മാൻ, ഐ. സി. ഡി. എസ് സൂപ്പർവൈസർ ജയജ്യോതി എന്നിവർ സംസാരിച്ചു.