പാലക്കാട്: കോഴിക്കോട് യാത്രക്കാരുടെ സൗകര്യത്തിനായി കെ.എസ്.ആർ.ടിസി. തിങ്കളാഴ്ച മുതൽ പെരിന്തൽമണ്ണയിലേക്ക് റിലേ സർവീസുകൾ തുടങ്ങി. രാവിലെ ആറുമുതൽ വൈകീട്ട് അഞ്ചുവരെയാണ് വണ്ടികൾ ഓടുക. അരമണിക്കൂർ ഇടവേളയിലാണ് ബസ്സുകൾ പാലക്കാട് ഡിപ്പോയിൽനിന്ന് സർവീസ് നടത്തുക.
കോഴിക്കോട്, മലപ്പുറം, പെരിന്തൽമണ്ണ ഡിപ്പോകളുടെ സഹകരണത്തോടെ 46 ബസ്സുകളുപയോഗിച്ചാണ് കോഴിക്കോട് യാത്രികർക്കുള്ള റിലേ യാത്രാസൗകര്യമൊരുക്കുകയെന്ന് എ.ടി.ഒ. ടി.ഐ. ഉബൈദ് പറഞ്ഞു. പാലക്കാടുനിന്നുള്ള ബസ്സുകൾക്ക് പുറമേ പെരിന്തൽമണ്ണയിൽനിന്നുള്ള ഒരുവിഭാഗം ബസ്സുകളും പാലക്കാട്-പെരിന്തൽമണ്ണ റൂട്ടിൽ ഓടും. പെരിന്തൽമണ്ണ ഡിപ്പോയിലെ പകുതി ബസ്സുകളും മലപ്പുറം, കോഴിക്കോട് ഡിപ്പോകളിൽനിന്നുള്ള ബസ്സുകളും പെരിന്തൽമണ്ണയിൽനിന്ന് കോഴിക്കോട് വരെയുള്ള റിലേ സർവീസ് പൂർത്തിയാക്കും. കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്ന പാലക്കാട് നിന്നുള്ള യാത്രികർക്കാവും ഈ ബസ്സുകളിൽ മുൻഗണനയെന്നും എ.ടി.ഒ. പറഞ്ഞു.
നിലവിൽ തൃശ്ശൂർ റൂട്ടിൽ റിലേ സർവീസുകൾ നടന്നുവരുന്നുണ്ട്. കോയമ്പത്തൂർ റൂട്ടിൽ വാളയാർ അതിർത്തിയിലെ അട്ടപ്പള്ളം വരെ കെ.എസ്.ആർ.ടി.സി. ബസ്സുകൾ ഓടുന്നുണ്ട്.