കമ്പളക്കാട് മിനി സ്റ്റേഡിയം;വാർത്തകൾ വസ്തുതാ വിരുദ്ധം

കമ്പളക്കാട് : കണിയാമ്പറ്റ പഞ്ചായത്തിൻ്റെ അധീനതയിലുള്ള കമ്പളക്കാട് മിനി സ്റ്റേഡിയത്തിൻ്റെ ഗ്യാലറി നിർമാണവുമായി ബന്ധപ്പെട്ട് ചിലർ നടത്തുന്ന പ്രചരണങ്ങൾ വസ്തുതാവിരുദ്ധവും കായിക മേഖലയോട് കാട്ടുന്ന മാപ്പർഹിക്കാത്ത തെറ്റാണെന്ന് യൂത്ത് ഫോർ ആർട്സ് & സ്പോർട്സ് ( യാസ് ) ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ചേർന്ന രാഷ്ട്രീയ പാർട്ടികളുടെയും ക്ലബ് പ്രതിനിധികളുടെയും പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. ഓരോ വർഷവും പ്രസ്തുത സ്റ്റേഡിയത്തിൽ താൽക്കാലിക ഗ്യാലറികൾ നിർമിച്ചാണ് വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ ടൂർണ്ണമെൻറുകൾ നടത്താറുള്ളത്. ലക്ഷക്കണക്കിന്ന് രൂപയാണ് താൽക്കാലിക ഗ്യാലറിക്കായി ചിലവഴിക്കേണ്ടി വരുന്നത്. സ്ഥിരം ഗ്യാലറി എന്ന കായിക പ്രേമികളുടെ പൊതുവികാരം പരിഗണിച്ചാണ് ഏതാണ്ട് ആയിരം പേർക്ക് ഇരുന്ന് കളി കാണാവുന്ന രീതിയിലുള്ള ഗ്യാലറി നിർമാണത്തിനായി ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ അനുവദിച്ചത്. ലവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റുകൾ നടത്താൻ ഗ്രൗണ്ടിന് 110 മീറ്റർ നീളം ആവശ്യമുണ്ട്. എന്നാൽ 95 മീറ്റർ നീളവും 70 മീറ്റർ വീതിയുമാണ് നിലവിൽഗ്രൗണ്ടിനുള്ളത്. സെവൻസ് ടൂർണ്ണമെൻ്റുകളാണ് ഇവിടെ നടക്കാറുള്ളത്. 95 മീറ്റർ നീളത്തിൽ നിന്ന് മൂന്ന് മീറ്ററിനടുത്ത് വീതിയിലുള്ള സ്ഥലം മാത്രമാണ് ഗ്യാലറിക്കായി എടുക്കുന്നത്. സെവൻസ് ടൂർണ്ണമെൻ്റുകൾക്ക് 70 മീറ്റർ നീളം മതിയാവും. ഭാവിയിൽ ഇവിടെ ഒരു തരത്തിലുള്ള മത്സരങ്ങളും നടക്കില്ല എന്ന പ്രചരണം തീർത്തും തെറ്റാണ്. ഗ്രാമ പഞ്ചായത്തുകൾക്ക് സ്ഥലം വാങ്ങിക്കുന്നതിനായി ജില്ലാ – ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഫണ്ട് വകയിരുത്താൻ സർക്കാർ മാനദണ്ഡങ്ങൾ അനുവദിക്കുന്നില്ല എന്ന കാര്യം മറച്ചുവെച്ചാണ് ബാലിശമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വിവിധ ക്ലബ് ഭാരവാഹികളും എഞ്ചിനയർമാരും ആവശ്യമായ പരിശോധനകൾ നടത്തി മാർക്ക് ചെയ്ത സ്ഥലത്താണ് ഗ്യാലറി നിർമാണം നടക്കുന്നത്. ഗ്രൗണ്ട് വിപുലീകരണത്തിന് നിർമാണം ഒരു തരത്തിലും തടസ്സമാവില്ല. മുഖ്യമന്ത്രി, കായിക മന്ത്രി.എം എൽ എ എന്നിവർക്ക് പോലും ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ടിൽ ആക്ഷേപം ഉന്നയിച്ച് പരാതി നൽകിയത് ഖേദകരമാണ്. ഭാവിയിൽ അവർ മുഖാന്തരം കിട്ടാൻ സാധ്യതയുള്ള ഫണ്ടുകൾ പോലും നഷ്ടപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് ചില തൽപരകക്ഷികൾ നടത്തികൊണ്ടിരിക്കുന്നത്. കായിക മേഖലയിൽ വികസനങ്ങൾ കൊണ്ടുവരുന്ന ജനപ്രതിനിധികളെയും ഭരണ സമിതികളെയും നിരുത്സാഹപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണം. എല്ലാ കായിക മത്സരങ്ങൾക്കും ഉതകും വിധം സ്റ്റേഡിയത്തെ മാറ്റുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് എം പി, എം എൽ എ, ഗ്രാമ പഞ്ചായത്ത്.ബ്ബോക്ക് പഞ്ചായത്ത് ഭരണസമിതികൾ എന്നിവർക്ക് നിവേദനം നൽകാനും ക്ലബ്ബ് തീരുമാനിച്ചു. പ്രസിഡൻ്റ് യൂസഫ് അധ്യക്ഷത വഹിച്ചു. വിപി യൂസഫ്, ഷാജി അബ്ദുൾ ഫൗസ്, മേജോ ജോൺ, മുകുന്ദൻ പള്ളിയറ, സലീം കടവൻ, മുഹമ്മദ് അസ്ലം ബാവ ,സി രവീന്ദ്രൻ, താരീഖ് കടവൻ, മുജീബ് റഹ്മാൻ, ഷാജിത്ത്,ഷൈജൽ എന്നിവർ സംസാരിച്ചു
There are no comments at the moment, do you want to add one?
Write a comment