പാലക്കാട് : അട്ടപ്പാടിയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് പനി ബാധിച്ച് മരിച്ചു.അട്ടപ്പാടി ഷോളയൂർ പഞ്ചായത്തിലെ വരഗംപാടി ഊരിൽ വെള്ളിങ്കിരിയുടെ മകൻ കാർത്തിക് (23) ആണ് വെള്ളിയാഴ്ച പുലർച്ചെ മരിച്ചത്. കഴിഞ്ഞ മാസം 28ന് തമിഴ്നാട്ടിലെ കോയമ്പത്തൂർ, പൂണ്ടിയിലുള്ള ബന്ധുവിന്റെ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ മൂലഗംഗൽ വഴിയുള്ള കാനന പാതയിലൂടെ നടന്ന് പോയിരുന്നു. 29 ന് തിരികെ കാട്ടിലൂടെ നടന്ന് വരഗംപാടിയിലെത്തിയ കാർത്തിക് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
ബുധനാഴ്ച പകൽ പനിയും വയറിളക്കവും ശാരീരിക അസ്വസ്ഥതയും മൂലം കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് രോഗം മൂർഛിച്ചതോടെ പെരിന്തൽമണ്ണയിലെ ഇഎംഎസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയാണ് മരിച്ചത്. ഇയാളുടെ ശ്രവം കോവിഡ് പരിശോധനക്കായി അയച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മേർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്