കൊച്ചി : വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യന്‍ പ്രവാസികളെ കപ്പല്‍ മാര്‍ഗം നാട്ടിലെത്തിക്കുന്നതിനുള്ള സമുദ്രസേതുവിന് തുടക്കം. മാലിദ്വീപില്‍നിന്നാണ് ആദ്യസംഘം നാട്ടിലെത്തുന്നത്. ഇവിടെനിന്നും പ്രവാസികളെ കപ്പലില്‍ കയറ്റുന്ന നടപടികള്‍ ആരംഭിച്ചു. ഐഎന്‍എസ് ജലാശ്വ കപ്പലിലാണ് യാത്രക്കാരെ കയറ്റുന്നത്.
മാലദ്വീപില്‍നിന്ന് 750 യാത്രക്കാരുമായി നാവികസേനയുടെ കപ്പലാണ് ആദ്യം വരുന്നത്. പ്രവാസികളെ സ്വീകരിക്കാന്‍ തുറമുഖത്ത് എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഡോ.എം. ബീന അറിയിച്ചു.
തുറമുഖത്തെ സമുദ്രിക ക്രൂയിസ് ടെര്‍മിനലിലാണ് കപ്പല്‍ എത്തുക. കോവിഡ് രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താനുള്ള പരിശോധനകള്‍ കപ്പലിനുള്ളില്‍തന്നെ നാവികസേനയുടെ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ നടത്തും. രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ ആദ്യംതന്നെ കപ്പല്‍ശാലയില്‍ ഒരുക്കിയ ക്വാറന്റൈന് കേന്ദ്രത്തിലേക്കു മാറ്റും. മറ്റു യാത്രക്കാരെ ജില്ല തിരിച്ച് 50 ബാച്ചുകളായി ഇറക്കും. ഇവര്‍ക്കു മാനദണ്ഡങ്ങള്‍ പാലിച്ചു വീടുകളിലേക്കു പോകാം.