കൊട്ടാരക്കര: ലോക്ക് ഡൗണില്‍ അന്യസംസ്ഥാനത്ത് കുടുങ്ങിപ്പോയവരെ നാട്ടില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവിധാന പ്രകാരം കൊല്ലം ജില്ലയുടെ അതിര്‍ത്തിയില്‍ ആളുകള്‍ എത്തിത്തുടങ്ങി. അതിര്‍ത്തി കടന്ന് വരുന്ന വാഹനങ്ങള്‍ക്ക് അനുവദിച്ചിട്ടുളള പാസുകള്‍ പരിശോധിച്ച് പാസ് പ്രകാരം യാത്രാനുമതിയുളള മുഴുവന്‍ പേരെയും വാഹനത്തെയും കോവിഡ് കെയര്‍ മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യും . പ്രാഥമിക ആരോഗ്യ പരിശോധനയ്ക്ക് ശേഷം വിശദ പരിശോധനകള്‍ക്കായി ആര്യങ്കാവ് സെന്‍റ് മേരീസ് സ്ക്കൂളിലേക്ക് അയക്കും.
അതിര്‍ത്തി കടന്ന് വരുന്ന വാഹനങ്ങള്‍ ഫയര്‍ഫോഴ്സ് അണുവിമുക്തമാക്കും. യാത്രക്കാരെ സാനിട്ടൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കി വ്യക്തി ശുചിത്വം ഉറപ്പ് വരുത്തും. ഇത്തരത്തില്‍ ശുദ്ധീകരിച്ച ശേഷം ആരോഗ്യ പരിശോധന നടത്തും. ആരോഗ്യ പരിശോധനയില്‍ പനിയോ മറ്റ് രോഗ ലക്ഷണമോ പ്രകടമാക്കുന്നവരെ സര്‍ക്കാര്‍ വക ക്വോറന്‍റെയ്ന്‍ കേന്ദ്രത്തിലേക്ക് വിടും അതിര്‍ത്തി കടന്ന് വരുന്ന വാഹനവും യാത്രക്കാരും ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കുന്നതുവരെ പൂര്‍ണ്ണമായും പോലീസ് നിരീക്ഷണത്തിലായിരിക്കും. ചെക്ക് പോസ്റ്റും സ്ക്കൂളും തമ്മില്‍ ആശയവിനിമയം സുഗമമാക്കാന്‍ ആര്യങ്കാവില്‍ പോലീസ് വയര്‍ലെസ് സംവിധാനം ഉപയോഗിക്കും.
കോവിഡ്-19 ലോക്ക് ഡൗണില്‍പ്പെട്ട് അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ സ്ത്രീകളും കുട്ടികളുമടക്കം 151 പേര്‍ അതിര്‍ത്തി കടന്ന് ആര്യങ്കാവിലെത്തി ആരോഗ്യ പരിശോധനയ്ക്ക് വിധേയമായി. വരും ദിവസങ്ങളില്‍ അതിര്‍ത്തി കടന്ന് വരുന്നവര്‍ക്ക് വേണ്ടി സുരക്ഷാ സംവിധാനങ്ങളും ആരോഗ്യ പരിശോധനകളും നടത്തും. വ്യക്തമായ പാസോ രേഖകളോ ഇല്ലാതെ അതിര്‍ത്തിയിലെത്തുന്ന ആളുകളെ ഉടന്‍ തന്നെ തിരിച്ചയക്കുന്നതുമാണ്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുളള നിയന്ത്രരണങ്ങളില്‍ ലഭിച്ചിട്ടുളള ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും അനാവശ്യമായി പൊതുനിരത്തിലിറങ്ങി രോഗവ്യാപനത്തിനിടയാകും വിധം പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിച്ചു വരുന്നു. കൊല്ലം റൂറല്‍ ജില്ലയില്‍ കോവിഡ് നിയമലംഘനങ്ങള്‍ക്ക് ചൊവ്വാഴ്ച 200 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 201 പേരെ അറസ്റ്റ് ചെയ്ത് 193 വാഹനങ്ങള്‍ പിടിച്ചെടുത്തതായും ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍. ഐ.പി.എസ് അറിയിച്ചു.