തിരുവനന്തപുരം : കേരളത്തില്‍നിന്ന് അതിഥി തൊഴിലാളികള്‍ക്കു പോകാൻ സൗകര്യം ഏര്‍പ്പെടുത്തിയ ട്രെയിനുകള്‍ മടങ്ങുമ്പോൾ അതില്‍ രജിസ്റ്റര്‍ ചെയ്ത മലയാളികളെ നാട്ടിലേക്ക് അയയ്ക്കണമെന്നു കേരളം കേന്ദ്രത്തോട് അഭ്യര്‍ഥിച്ചതായി മുഖ്യമന്ത്രി. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കു നോണ്‍ സ്റ്റോപ്പ് ട്രെയിനുകള്‍ അനുവദിക്കണമെന്നും അഭ്യര്‍ഥിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലേക്കു മടങ്ങാന്‍ നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തിലാണ് പാസുകള്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2,89,272 പേരാണ് ഇതുവരെ അപേക്ഷിച്ചത്. 5470 പാസുകള്‍ വിതരണം ചെയ്തു. തിങ്കളാഴ്ച ഉച്ചവരെ 515 പേര്‍ വിവിധ ചെക്ക് പോസ്റ്റുകള്‍ വഴി കേരളത്തിലേക്ക് എത്തിയിട്ടുണ്ട്.
അതിര്‍ത്തിയില്‍ തിരക്ക് ഒഴിവാക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത ആളുകളില്‍ അഞ്ചില്‍ ഒരാള്‍ക്കു മാത്രമേ സ്വന്തം വാഹനങ്ങളിലോ വാടകയ്ക്ക് എടുത്ത വാഹനങ്ങളിലോ കേരളത്തില്‍ എത്താന്‍ കഴിയൂ. മറ്റുള്ളവര്‍ക്കു തിരിച്ചെത്താന്‍ പ്രയാസമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.