ഒഡീഷ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടു ആന്ധ്രാ- ഒഡീഷ തീരത്ത് ആഞ്ഞടിച്ച തിത്ലി ചുഴലിക്കാറ്റിൽ മരണം രണ്ടായി. ആന്ധ്രയിലാണ് രണ്ടു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒഡീഷയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും മൂന്നു ലക്ഷത്തിലധികം ആളുകളെയാണ് സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിച്ചത്. സംസ്ഥാനത്ത് ആകെ 879 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ഇരു സംസ്ഥാനങ്ങളിലും കനത്ത നാശനഷ്ടം രേഖപ്പെടുത്തിയ ചുഴലിക്കാറ്റ് മണിക്കൂറിൽ 145 കിലോമീറ്റർ വേഗത്തിലാണ് വീശുന്നത്. ഒഡീഷയിലെ 18 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഒഡീഷയിലെ ഗോപാൽപൂരിനും ആന്ധ്രയിലെ കലിംഗപട്ടണത്തിനും ഇടയിലാണ് കാറ്റടിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ പലപ്രദേശങ്ങളിലും വൈദ്യുത ബന്ധം വിഛേദിക്കപ്പെട്ടിരിക്കുകയാണ്. കൂടാതെ മൊബൈൽ കണക്ഷഷനുകളും പൂർണമായും താറുമാറായിരിക്കുകയാണ്.
