കൊട്ടാരക്കര : മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയിൽ കൊട്ടാരക്കരയിൽ ആരംഭിക്കുന്ന ലളിതാംബിക അന്തർജ്ജനം ലൈബ്രറിക്കായുള്ള പുസ്തക സമാഹരണം തുടങ്ങി. കോട്ടവട്ടത്തുള്ള ലളിതാംബിക അന്തർജ്ജനത്തിന്റെ കുടുംബവീടായ തെങ്കുന്നത്ത് മഠത്തിൽ ഇളയ സഹോദരൻ സുകുമാരൻ പോറ്റിയിൽ നിന്നും അയിഷാപോറ്റി എം.എൽ.എ. ആദ്യ പുസ്തകം ഏറ്റുവാങ്ങി.
ഒരു കാലഘട്ടത്തിൽ നമ്പൂതിരി സമുദായത്തിലെ സ്ത്രീകൾ അനുഭവിച്ചിരുന്ന ദുരിതങ്ങളെ കഥാരൂപത്തിൽ സമൂഹത്തിനു മുന്നിലെത്തിച്ച എഴുത്തുകാരിക്ക് ഉചിതമായ സ്മാരകമാകും ലൈബ്രറിയെന്ന് എം.എൽ.എ. പറഞ്ഞു. അഗ്നിസാക്ഷി എന്ന ഒറ്റ നോവലിലൂടെ ലോകമറിഞ്ഞ എഴുത്തുകാരിക്ക് ഉചിതമായ ആദരവാകും സംരംഭമെന്ന് ചടങ്ങിൽ സംസാരിച്ച താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.ജോൺസൺ പറഞ്ഞു.
പി.അഭിലാഷിന്റെ അധ്യക്ഷതയിൽ ലളിതാംബിക അന്തർജ്ജനത്തിന്റെ കുടുംബാംഗങ്ങളായ ലീല അന്തർജ്ജനം, സന്തോഷ് കുമാർ, പ്രദീപ് കുമാർ എന്നിവരും മാധ്യമ പ്രവർത്തകരായ ബി.സന്തോഷ് കുമാർ, ശ്രീകുമാർ, പത്മകുമാർ, ജോബിൻ, ആർ.ചന്ദ്രൻ, രജിത്ത് രാജൻ, ടി.ജയപ്രകാശ്, എസ്.വിനീഷ്, ജോൺഹാബേൽ തുടങ്ങിയവരും സംസാരിച്ചു.