ചന്ദ്രനഗർ: ഫേസ്ബുക്കിൽ 317000 ഫോളോവേഴ്സുള്ള ഹൈടെക് കാർ മോഷ്ടാവായ പാലക്കാട് ചിറ്റൂർ തെക്കേദേശം ആലാംങ്കടവ് പാറക്കൽ വീട്ടിൽ നവാസ്(36), കൂട്ടു പ്രതി കോട്ടയം ML റോഡ് അറക്കേക്കുന്നേൽ വീട്ടിൽ മുഹമ്മദ്(44) എന്നിവരെയാണ് കസബ പോലീസ് അതിവിദഗ്ദമായി പിടികൂടിയത്.
നവാസിന് 15 ഓളം വ്യാജ പേരുകളിൽ അഡ്മിനായി ഫേസ്ബുക്കിൽ “പഴയ വാഹനം വിൽപ്പന” എന്ന ഗ്രൂപ്പ് ഉണ്ട്. ആയതിൽ വരുന്ന വാഹനങ്ങൾ വാങ്ങിക്കാനെന്ന വ്യാജേനെ നവാസ് വാഹന ഉടമസ്ഥരോട് ഫോണിൽ ബന്ധം സ്ഥാപിക്കും. ശേഷം ചെറിയ തുക അയച്ച് കൊടുത്ത് ടെസ്റ്റ് ഡ്രൈവിനായി വാഹനം ആവശ്യപ്പെടും. ഇത്തരത്തിൽ ടെസ്റ്റ് ഡ്രൈവിനായി ലഭിക്കുന്ന വാഹനങ്ങളായാണ് നവാസ് കടന്ന് കളയാറ്.
2022 ഒക്ടോബർ 24 ന് സമാന രീതിയിൽ നവാസ് ചന്ദ്രനഗറിൽ വെച്ച് കോഴിക്കോട് വടകര കുറിഞ്ഞാലിയോട് കീഴത്ത് വീട്ടിൽ ഭാസ്കരൻ മകൻ ഭവീഷിന് 15,000/- രൂപ മാത്രം കൊടുത്ത് മാരുതി റിട്ട്സ് കാറുമായി കടന്ന് കളഞ്ഞത്. CCTV, CDR എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും കസബ പോലീസ് കുഴൽമന്ദത്ത് വെച്ച് പിടികൂടിയതും. വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. മോഷണം പോയ കാർ കോയമ്പത്തൂരിൽ നിന്നും കണ്ടെടുത്തു.
പ്രതികൾക്ക് സംസ്ഥാനത്തുടനീളം വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുളുണ്ട്. നവാസിൻ്റെ പേരിൽ മാത്രം പാലക്കാട് – തൃശ്ശൂർ ജില്ലകളിലായി 14 മോഷണ കേസ്സുകളുണ്ട്. നിരവധി തവണ പ്രതികൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷണത്തിലൂടെ ലഭിക്കുന്ന പണം വെച്ചാണ് പ്രതികൾ ആഡംബര ജീവിതം നയിച്ചിരുന്നത്.
പാലക്കാട് ജില്ലാ പോലീസ് മേധാവി R.വിശ്വനാഥ്, പാലക്കാട് ASP ഷാഹുൽ ഹമീദ് A എന്നിവരുടെ നിർദ്ദേശപ്രകാരം, കസബ പോലീസ് ഇൻസ്പെക്ടർ രാജീവ്.NS ൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ഉദയകുമാർ M, രംഘനാഥൻ A, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രിയ, ശിവാനന്ദൻ സിവിൽ പോലീസ് ഓഫീസർ രാജീദ് .ആർ എന്നിവരടങ്ങുന്ന സംഘമാണ് കേസ്സ് അന്വേഷിക്കുന്നത്.