സംസ്ഥാന സർക്കാർ ജനങ്ങൾക്ക് നൽകുന്ന വിവിധ സേവനങ്ങൾ ഓൺലൈനാക്കിയത് ‘മികവോടെ മുന്നോട്ട്’ എന്ന പരമ്പരയിൽ ഒന്നാമത്തെ ലേഖനമായി നൽകിയിരുന്നു. നിലവിൽ 65 വകുപ്പുകളുടെ 610 സേവനങ്ങളാണ് ഓൺലൈനാക്കിയത്. ഇത്തരത്തിൽ ഓൺലൈൻ സേവനങ്ങളുമായി ദൃഢനിശ്ചയത്തോടെ സർക്കാർ മുന്നോട്ട് പോകുമ്പോൾ ഈ സേവനങ്ങൾ സ്വീകരിക്കാൻ ചില വിഭാഗം ജനങ്ങൾക്ക് സാധിക്കാത്ത അവസ്ഥയുണ്ട് എന്ന് കണ്ടെത്തിയിരുന്നു. ഇത്തരക്കാർക്ക് സർക്കാർ സേവനങ്ങൾ അവരുടെ വീടുകളിലേക്ക് എത്തിക്കുന്നതിന് ആരംഭിച്ച പദ്ധതിയാണ് വാതിൽപ്പടി സേവനം.
തദ്ദേശ സ്വയംഭരണ വകുപ്പ് മികച്ച രീതിയിൽ ഈ പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. കിടപ്പ് രോഗികൾ ഉൾപ്പെടെ അശരണർക്കും, ഗുരുതര രോഗം ബാധിച്ചവർക്കും, ഭിന്നശേഷിക്കാർക്കും വിവിധ കാരണങ്ങളാൽ ചലന പരിമിതി അഭിമുഖീകരിക്കുന്നവർക്കും സേവനങ്ങൾ വാതിൽപ്പടിയിൽ എത്തിക്കുക എന്നതാണ് വാതിൽപ്പടി സേവനം പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ 50 തദ്ദേശസ്ഥാപനങ്ങളിൽ നടപ്പാക്കിയ പദ്ധതി ഇപ്പോൾ സംസ്ഥാനമാകെ വ്യാപിപ്പിക്കുകയാണ്.