സിപിഎം അകപ്പെട്ട പ്രതിസന്ധിയുടെ വ്യാപ്തി തിരിച്ചറിഞ്ഞ യുഡിഎഫ് ആക്രമണം കടുപ്പിച്ചിട്ടുണ്ട്. സിപിഎം ഭരണസമിതിക്ക് കീഴിലുള്ള കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പ് സൃഷ്ടിച്ച വിഷമവൃത്തത്തില്‍ നിന്ന് തലയൂരാനാകാതെ പാര്‍ട്ടി നേതൃത്വവും സര്‍ക്കാരും. തട്ടിപ്പ് വിവരം തുടക്കത്തിലേ അറിഞ്ഞിട്ടും പാര്‍ട്ടി കണ്ണടച്ചെന്ന ആക്ഷേപം ശക്തമാണ്. പ്രതികളുടെ ഭാര്യമാരുടെ പങ്കാളിത്തത്തിലുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ഉദ്ഘാടനത്തിന് അന്ന് മന്ത്രിയായിരുന്ന എ സി മൊയ്തീന് പങ്കെടുത്ത ചിത്രം കൂടി പുറത്തുവന്നത് കൂടുതല്‍ കുരുക്കായി. മന്ത്രിയും രാഷ്ട്രീയ പ്രവര്‍ത്തകനുമെന്ന നിലയില്‍ പങ്കെടുത്തതാണെന്നും പ്രതികളാരും തന്റെ ബന്ധുക്കളല്ലെന്നുമാണ് മൊയ്തീന്റെ വിശദീകരണം.
കരുവന്നൂര്‍ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍, സിപിഎം ഭരിക്കുന്ന മുഴുവന്‍ സഹകരണ സ്ഥാപനങ്ങളിലും പാര്‍ട്ടി തലത്തില്‍ സൂക്ഷ്മ പരിശോധനയും ജാഗ്രതയും ഉറപ്പാക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശിച്ചു. ജില്ലകളില്‍ നിന്നുള്ള പരാതികളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാരിനോടും ശുപാര്‍ശ ചെയ്തതായാണ് പുറത്തുവരുന്ന വിവരം. സിപിഎം അകപ്പെട്ട പ്രതിസന്ധിയുടെ വ്യാപ്തി തിരിച്ചറിഞ്ഞ യുഡിഎഫ് ആക്രമണം കടുപ്പിച്ചിട്ടുണ്ട്. സഹകരണ സംഘങ്ങളിലൂടെ കള്ളപ്പണം ഒഴുക്കുന്നെന്ന ആക്ഷേപം നേരത്തേ ഉയര്‍ത്തുന്ന ബിജെപിക്കും ഇത് വീണുകിട്ടിയ ആയുധമാണ്. സഹകരണമന്ത്രാലയം രൂപീകരിച്ച് അമിത് ഷായെ ചുമതലയേല്പിച്ച മോദി സര്‍ക്കാരിന്, കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഇടപെടാന്‍ വഴിയൊരുക്കുകയാണ് സിപിഎമ്മെന്ന വിമര്‍ശനം യുഡിഎഫ് ഉയര്‍ത്തിക്കഴിഞ്ഞു.
മുന്നൂറ് കോടിയില്‍പ്പരം രൂപയുടെ അഴിമതിയാണ് കരുവന്നൂര്‍ ബാങ്കില്‍ നടന്നത്. പരാതി ഉയര്‍ന്നപ്പോള്‍ സിപിഎം സംസ്ഥാനസമിതി അംഗം പി കെ ബിജുവിനെ അന്വേഷണച്ചുമതല ഏല്പിച്ച പാര്‍ട്ടി നേതൃത്വത്തിന് വിഷയം നേരത്തേ അറിഞ്ഞില്ലെന്നു പറഞ്ഞ് കൈകഴുകാനാകില്ല.
2017ലാണ് ക്രമക്കേട് ആദ്യം പുറത്തുവരുന്നത്. ഒന്നാം പിണറായി മന്ത്രിസഭയില്‍ ആദ്യം സഹകരണ വകുപ്പ് വഹിച്ചത് തൃശൂരിലെ മുതിര്‍ന്ന സംസ്ഥാനസമിതി അംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ എ സി മൊയ്തീനാണ്. പരാതികളുയര്‍ന്നപ്പോള്‍ ഇടപെടാന്‍ അദ്ദേഹവും ജാഗ്രത കാട്ടിയില്ലെന്ന വിമര്‍ശനമുണ്ട്. അതിനിടയിലാണ് ഇന്നലെ അദ്ദേഹത്തിനെതിരായ പുതിയ ആരോപണമുയര്‍ന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന അംഗം ബേബിജോണും കേന്ദ്രകമ്മിറ്റി അംഗമായ മന്ത്രി കെ രാധാകൃഷ്ണനുമടക്കം പങ്കെടുക്കാറുള്ള ജില്ലാ സെക്രട്ടേറിയറ്റില്‍ പരാതികള്‍ ഉയര്‍ന്നിട്ടും ഇടപെടുന്നതില്‍ അലംഭാവമുണ്ടായി. തുടക്കത്തിലേ തടയിട്ടിരുന്നെങ്കില്‍ തട്ടിപ്പിന്റെ വ്യാപ്തി കുറക്കുകയെങ്കിലും ആകാമായിരുന്നു എന്നാണ് സി പി എം ലുംസംസാരമുണ്ട്.