ജോസഫൈനു അതീവ ഗുരുതര ആരോപണവുമായി മയൂഖ ജോണി . പീഢനത്തിന് ഇരയാക്കപ്പെട്ട പെണ്‍കുട്ടിയ്ക്കെതിരേ മുന്‍ വനിത കമ്മീഷന് അദ്ധ്യക്ഷ എം.സി ജോസഫൈന് ഇടപെട്ടതായി ഒളിംപ്യനും അത്ലറ്റുമായ മയൂഖ ജോണി. സുഹൃത്താണ് ബലാത്സംഗത്തിന് ഇരയായത്. ആ കേസിലെ പ്രതിയ്ക്ക് വേണ്ടി ജോസഫൈന് ഇടപെട്ടതായി മയൂഖ ജോണി തൃശ്ശൂരില്‍ ആരോപിച്ചു. കൊല്ലം സ്വദേശിനിയാണ് 2016 ല്‍ ബലാത്സംഗത്തിന് ഇരയായത്. ആരും ഇല്ലാത്ത നേരത്ത് വീട്ടില്‍ എത്തിയ പ്രതി. ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. സാമൂഹ്യമായും സാമ്പത്തികമായും സ്വാധീനമുള്ള പ്രതിയ്ക്ക് എതിരേ പെണ്‍കുട്ടി അക്കാലത്ത് പരാതി നല്‍കിയില്ല.
പിന്നീട് 2018 ല്‍ പെണ്‍കുട്ടിയുടെ വിവാഹം നടന്നു. പിന്നീടും ശല്യം തുടര്‍ന്നപ്പോള്‍ ഭര്‍ത്താവിനൊപ്പം തൃശ്ശൂര്‍ റൂറല്‍ എസ്പിയ്ക്ക് പരാതി നല്‍കുകയായിരുന്നു. പരാതിയുമായി മുന്നോട്ട് പോകുന്നതില്‍ തൃശ്ശൂര്‍ റൂറല്‍ എസ്പി വലിയ പ്രോത്സാഹനം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് നിരുത്സാഹപ്പെടുത്തി. അടുത്തിടെയാണ് സംഭവത്തില്‍ മുന്‍ വനിതാ കമ്മീഷന് അദ്ധ്യക്ഷയും ഇടപെട്ടതായി വ്യക്തമായത്. കേസ് എടുക്കരുതെന്ന് ജോസഫൈന് ആവശ്യപ്പെട്ടതായും മയൂഖ ആരോപിച്ചു. മുന്‍ മന്ത്രിയുടെ ഓഫീസും ഒരു ബിഷപ്പും സംഭവത്തില്‍ ഇടപെട്ടതായും മയൂഖ ജോണി വ്യക്തമാക്കി.ഇവര്‍ ഇതില്‍ നിന്നു പിന്മാറണമെന്നും മയൂഖ ആവശ്യപ്പെട്ടു.