കൊല്ലം: ലോക്ക് ഡൗണ്‍ കാലത്തും തുടര്‍ന്നും അവശ്യസാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ഡോര്‍ ടു ഡോര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സേവനസജ്ജമാക്കി ജില്ലാ ഭരണകൂടം. രോഗവ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാതെ ഇത്തരം സുരക്ഷിത ബദല്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അഭ്യര്‍ത്ഥിച്ചു.
ജില്ലയിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളെ ബന്ധിപ്പിച്ചിട്ടുള്ള ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം സാധനങ്ങള്‍ തിരഞ്ഞെടുക്കാം. ഡെലിവറി ജീവനക്കാര്‍ കോവിഡ് മാനദണ്ഡം പാലിച്ച് നിശ്ചിത സമയത്തിനുള്ളില്‍ അവ വീടുകളില്‍ എത്തിച്ചുതരും. സാധനം ലഭിച്ച ശേഷം പണം നല്‍കുന്നതിനും സൗകര്യമുണ്ട്. ആവശ്യമുള്ള സാധനങ്ങള്‍ രേഖപ്പെടുത്താനും ലിസ്റ്റ് എഴുതി ഫോട്ടോ ആയി നല്‍കാനും കഴിയുന്ന രീതിയിലാണ് ആപ്പിന്റെ രൂപകല്‍പ്പന. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.
