കണ്ണൂർ : ധർമ്മടത്ത് ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. ധർമ്മടം വെള്ളച്ചാലിലെ ഓഫീസിന് നേരെയാണ് ആക്രമണം നടന്നത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെ കവാടത്തിൽ വെച്ച ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും അക്രമികൾ നശിപ്പിച്ചു.
കഴിഞ്ഞ ദിവസം കണ്ണൂരിലും ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരെ ആക്രമണം നടന്നിരുന്നു. ഇരിട്ടി മുഴക്കുന്നിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്ന ബിജെപിയുടെ പ്രചാരണ വാഹനത്തിനു നേരെ സിപിഎം ആക്രമണം അഴിച്ചുവിടുകയായിരുന്നു. അനൗൺസ്മെന്റ് വാഹനം മുടക്കോഴി സ്കൂളിന് സമീപം എത്തിയപ്പോൾ എട്ട് പേർ അടങ്ങുന്ന സംഘം വാഹനം തടഞ്ഞു നിർത്തുകയും ബലമായി മൈക്ക് സെറ്റ് ഓഫ് ചെയ്യുകയും ചെയ്തു.
വാഹനത്തിൽ കെട്ടിയ പ്രചാരണ ബോർഡുകൾ വലിച്ചു കീറിയ ശേഷം വണ്ടിയിൽ ഉണ്ടായിരുന്ന ഡ്രൈവറെയും ബിജെപി പ്രവർത്തകനെയും ഭീഷണിപ്പെടുത്തി.മേലിൽ ഈ ഭാഗത്തു പ്രചാരണവുമായി വരരുതെന്നും വന്നാൽ വെറുതെ വിടില്ലെന്നും പറഞ്ഞായിരുന്നു ആക്രമണം. സംഭവത്തിൽ ബിജെപി നേതൃത്വം മുഴക്കുന്ന് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.