പാലക്കാട് / തൃത്താല: വരൾച്ചയ്ക്ക് കരുതലായി വെള്ളിയാങ്കല്ല് തടയണയിൽ ജലസംഭരണം ആരംഭിച്ചു. താത്കാലിക തടയണനിർമാണം ഏതാണ്ട് പൂർത്തിയായതോടെയാണ് ജലസംഭരണം ആരംഭിച്ചത്.
തടയണയുടെ നവീകരണപ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഭൂരിഭാഗം ഷട്ടറുകളും ഉയർത്തിയ നിലയിലാണിപ്പോൾ. ഇതാടെ കുടിവെള്ളപദ്ധതികൾക്കും മറ്റ് ജലസേചന ആവശ്യങ്ങൾക്കുമായി വെള്ളം പുഴയിൽ സംഭരിച്ചുനിർത്തുക ലക്ഷ്യമിട്ടാണ് താത്കാലികതടയണ നിർമിച്ചത്. പരമാവധി മൂന്നരമീറ്റർ സംഭരണശേഷിയുള്ള തടയണയിൽ ഒന്നര മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്.
പുഴയിൽ ആദ്യം മണൽഭിത്തി നിർമിച്ചശേഷം ഭിത്തിക്കരികിൽ മണൽച്ചാക്കുകൾ അടുക്കിവെച്ചാണ് താത്കാലികതടയണയുടെ നിർമാണം. മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ചുള്ള മണൽഭിത്തിയുടെ നിർമാണം പൂർത്തിയായി.
വെള്ളത്തിന്റെ അടിയിൽനിന്ന് ആറ് മീറ്റർ ഉയരത്തിലും മുകൾഭാഗത്ത് ആറുമീറ്റർ വീതിയിലുമാണ് താത്കാലികതടയണയുടെ നിർമാണം. ഒരു ലക്ഷത്തിലധികം മണൽച്ചാക്കുകളാണ് ഇതിനായി ഉപയോഗിച്ചത്.
അതേസമയം, വെള്ളിയാങ്കല്ല് തടയണയിൽ സിവിൽ, മെക്കാനിക്കൽ ജോലികൾ പുരോഗമിക്കുകയാണ്. ഷട്ടറുകൾ അറ്റകുറ്റപ്പണി നടത്തുന്നതടക്കമുള്ള മെക്കാനിക്കൽ പ്രവൃത്തികൾക്ക് 1.35 കോടി രൂപയും ഏപ്രിലുകളിലെ വിള്ളൽ പരിഹരിക്കുന്നതടക്കമുള്ള സിവിൽ പ്രവൃത്തികൾക്ക് 17 കോടി രൂപയുമാണ് അനുവദിച്ചത്.റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്.