കൊച്ചി : വളര്‍ത്തുനായയെ ഉപേക്ഷിക്കാനായി കാറിനു പിറകിൽ കെട്ടി അര കിലോമീറ്ററോളം വലിച്ചിഴച്ച കേസിൽ ഇടപെട്ട് ബിജെപി നേതാവ് മനേക ഗാന്ധി. ഡിജിപിയെയും ആലുവ റൂറല്‍ എസ്പിയെയും ഫോണില്‍ വിളിച്ച് വിവരങ്ങൾ തേടി. പ്രതിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കാറിൽ പിന്നാലെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നെടുമ്പാശേരി സ്വദേശി അഖിലാണ് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. റോഡിലൂടെ വലിച്ചിഴച്ചതിലൂടെ നായയുടെ ശരീരം മുഴുവൻ മുറിഞ്ഞിരുന്നു. ഒപ്പം കാലിലെ എല്ലുകൾ കാണാവുന്ന തരത്തിൽ തൊലി അടർന്നും പോയിരുന്നു. സംഭവത്തിൽ കാർ ഡ്രൈവർ കുത്തുകര ചാലാക്ക സ്വദേശി യൂസഫിനെ (62) പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടിരുന്നു. നായ തന്റേതാണെന്നും വീട്ടിൽ ശല്യമായതിനെ തുടർന്ന് കാറിൽ കെട്ടി വലിച്ച് കളയാൻ കൊണ്ടുപോയതാണെന്നും ഇയാൾ സമ്മതിച്ചു.