പാലക്കാട് / തിരുവേഗപ്പുറ : നിറഞ്ഞ സന്തോഷത്തോടെയാണ് ജാഫർ ആരിഫയെ ജീവിതത്തോട് ചേർത്തുനിർത്തിയത്. മുപ്പതുവർഷമായി അരയ്ക്ക് താഴെ തളർന്നാണ് ജീവിതം. ആ ജീവിതത്തിലേക്കാണ് പരപ്പനങ്ങാടി സ്വദേശിനി ആരിഫ കൂട്ടായി വരുന്നത്. തിരുവേഗപ്പുറ ഓടുപാറ സ്വദേശിയാണ് ജാഫർ (45). വെള്ളിയാഴ്ച നടന്ന വിവാഹം ആഘോഷമാക്കാൻ കൂട്ടുകാരുമെത്തി. തങ്ങൾക്കെല്ലാം കുടുംബമായിട്ടും ജാഫറിന് ഒരു കൂട്ടില്ലാത്തത് അവരുടെ വിഷമങ്ങളിലൊന്നായിരുന്നു. കൂട്ടുകാർ തന്നെയാണ് വിവാഹാലോചന തുടങ്ങിയതും. ആരിഫയുടെ കുടുംബവും സന്നദ്ധമായതോടെ നിക്കാഹ് ഉറപ്പിച്ചു.

ചെലവിലേക്കാവശ്യമായ 80,000 രൂപയും കൂട്ടുകാർ സമ്മാനമായി നൽകി. പരുതൂർ ഹൈസ്കൂളിലെ 1990 എസ്.എസ്.എൽ.സി. ബാച്ചിലെ പൂർവവിദ്യാർഥിക്കൂട്ടായ്മയിലെ പി. സുധീർ, കെ.ജി. വിനോദ്, ഷൗക്കത്ത്, പി.ടി. അബു, പി.പി. സുബ്രഹ്മണ്യൻ, ലത്തീഫ് എന്നിവർ ചേർന്നാണ് തുക കൈമാറിയത്.
ഓടുപാറ കല്ലത്താണിക്കൽ പരേതരായ കുഞ്ഞാലന്റെയും ആയിഷയുടെയും മകനാണ് ജാഫർ. 17-ാം വയസ്സിൽ കൃഷിപ്പണി ചെയ്തുകൊണ്ടിരിക്കുന്നതിനിടെയുണ്ടായ വീഴ്ചയിലൂടെയാണ് ജാഫറിന്റെ ജീവിതം മാറിമറിഞ്ഞത്. തുടർന്ന് വിവിധയിടങ്ങളിൽ ചികിത്സ നടത്തിയെങ്കിലും അരയ്ക്ക് താഴെ തളർന്ന് കിടപ്പിലായി.
മാതാപിതാക്കളുടെ മരണത്തോടെ ജാഫറിന് സഹോദരങ്ങൾ സഹായികളായി. ഇതിനിടെ മൂന്ന് സഹോദരിമാർ വിവാഹം കഴിഞ്ഞ് പോയി. ഒരാൾ മരണപ്പെട്ടു. ജ്യേഷ്ഠന്റെ കൂടെയായി പിന്നീട് താമസം. കഴിഞ്ഞ നാല് മാസത്തോളമായി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. സഹോദരങ്ങളും അവരുടെ മക്കളും സഹായത്തിന് ഓടിയെത്തും. നാട്ടുകാരുടെ പൂർണപിന്തുണയും ജാഫറിനൊപ്പമുണ്ട്.
ഇതിനിടെ ജാഫർ കൂറ്റനാട് ‘സഹയാത്ര’ ചാരിറ്റബിൾ സൊസൈറ്റി ഡേ കെയർ അംഗവുമായി. ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ വർക്കിങ് പ്രസിഡന്റ് വാസുണ്ണിയുടെ നേതൃത്വത്തിൽ ‘സഹയാത്ര’യിൽ നിന്നുമുള്ള ഉത്പന്നങ്ങൾ നൽകി, ചെറിയ വരുമാനമാർഗം കണ്ടെത്താനുള്ള പ്രവർത്തനങ്ങളും തുടങ്ങി.
ഇതോടെയാണ് പുറംലോകവുമായി ജാഫർ ബന്ധപ്പെട്ടുതുടങ്ങിയത്. ‘സഹയാത്ര’യിൽ എത്തിയതിനുശേഷമാണ് ഒരു കൈത്താങ്ങ് വേണമെന്ന തോന്നലുണ്ടായതെന്ന് ജാഫർ പറഞ്ഞു.
വെള്ളിയാഴ്ച ആരിഫയുടെ കുടുംബാംഗങ്ങൾ ജാഫറിന്റെ വീട്ടിലെത്തിയായിരുന്നു നിക്കാഹ് ചടങ്ങുകൾ നടത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ. വിവാഹസദ്യ കൂറ്റനാട് സഹയാത്രയുടെ വകയായിരുന്നു. വൈകുന്നേരത്തോടെ വധുവിനെ ജാഫറിന്റെ ബന്ധുക്കൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
വാർത്ത : യു എ റഷീദ് , പാലത്തറഗേറ്റ് , പട്ടാമ്പി
