പാലക്കാട് : സംസ്ഥാനത്ത് നിന്നാരംഭിച്ച ആദ്യ അന്തർ സംസ്ഥാന കെ.എസ്.ആർ.ടി.സി ബോണ്ട് സർവ്വീസായ കോയമ്പത്തൂർ – പാലക്കാട് സർവ്വീസ് വിജയത്തിനു ശേഷം പൊള്ളാച്ചിയിലേയ്ക്കും ബോണ്ട് ( ബസ് ഓൺ ഡിമാൻഡ് ) സർവ്വീസ് നടത്താനൊരുങ്ങുകയാണ് പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോ.
പറമ്പിക്കുളം മേഖലയിൽ നിന്നുള്ളവർ യാത്രാ സൗകര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്ക് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് സർവ്വീസ് ആരംഭിക്കുന്നത്. കോവിഡ് 19 മാനദണ്ഡം പാലിച്ച് സർവ്വീസ് നടത്തുന്നതിന് നിയന്ത്രണങ്ങളുള്ളതിനാൽ നിത്യേന യാത്ര ചെയ്യേണ്ടവർക്കായാണ് ബോണ്ട് സർവ്വീസ് നടത്തുക. പാലക്കാട്, ചിറ്റൂർ, പുതുനഗരം – മീനാക്ഷിപുരം എന്നിവിടങ്ങളിൽ നിന്നും പൊള്ളാച്ചിയിലേയ്ക്ക് ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കാണ് യാത്രാ സൗകര്യം ലഭിക്കുക. ഒരു സർവ്വീസ് പുതുതായി ആരംഭിക്കണമെങ്കിൽ ചുരുങ്ങിയത് 40 യാത്രക്കാരെങ്കിലും ഉണ്ടായിരിക്കണമെന്നും ആവശ്യക്കാരുണ്ടെങ്കിൽ എല്ലാ റൂട്ടിലും സർവീസ് ആരംഭിക്കുമെന്നും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടി. ഉബൈദ് അറിയിച്ചു. പ്രത്യേക നിരക്കായിരിക്കും ഈടാക്കുക. രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പരുകൾ 8943489389, 9447152425.