പാലക്കാട് : ഇത്തവണയും പതിവ് തെറ്റിച്ചില്ല, കോവിഡ് കാലമായിട്ടും ആയുർവേദചികിത്സയ്ക്കായി നടൻ മോഹൻലാൽ പെരിങ്ങോട്ടെത്തി. ആയുർവേദത്തിലെ ചിട്ടകൾ പാലിച്ച് ചികിത്സാക്കാലം പൂർത്തിയാക്കി ഷൂട്ടിങ് തിരക്കുകളിലേക്ക് മടങ്ങാനൊരുങ്ങുകയാണ് മലയാളത്തിന്റെ നടനവിസ്മയം.
സെപ്റ്റംബർ രണ്ടിനാണ് മോഹൻലാൽ ഭാര്യ സുചിത്രയ്ക്കൊപ്പം സുഖചികിത്സയ്ക്കായി പെരിങ്ങോട്ടെ ഗുരുകൃപ ആയുർവേദ ഹെറിറ്റേജിലെത്തിയത്. പ്രശസ്ത വൈദ്യൻ ഉണ്ണിക്കൃഷ്ണനാണ് ചികിത്സ നിശ്ചയിക്കുന്നത്. കോവിഡ് കാലത്തെ രോഗപ്രതിരോധശേഷി കൈവരിക്കുന്നതിനായുള്ള ചികിത്സയ്ക്കൊപ്പം മറ്റ് ചികിത്സകളും അദ്ദേഹത്തിനുണ്ട്.
ഗുരുകൃപയുടെ മാനേജിങ് ഡയറക്ടർ കൃഷ്ണദാസാണ് മേൽനോട്ടം വഹിക്കുന്നത്. രാവിലെ ഒമ്പതരമുതൽ ചികിത്സ തുടങ്ങും. ഉഴിച്ചിലടക്കമുള്ള ചികിത്സ ഉച്ചയ്ക്ക് രണ്ടരവരെ നീളും. കഠിനമായ ആഹാരനിയന്ത്രണങ്ങളുണ്ട്. വൈദ്യൻ കല്പിച്ചിരിക്കുന്ന ആഹാരപഥ്യങ്ങൾ അദ്ദേഹം അണുവിട തെറ്റിക്കാറില്ല. പ്രഭാതഭക്ഷണം മരുന്നുകഞ്ഞിയാണ്. മറ്റ് സമയങ്ങളിലെ ഭക്ഷണവും പ്രത്യേക ആയുർവേദമരുന്നുകൾ ചേർത്തുണ്ടാക്കുന്നതാണെന്ന് ചികിത്സകർ പറയുന്നു.
പെരിങ്ങോട്ടെ ഈ ചികിത്സാലയം തന്റെ കുടുംബംതന്നെയാണെന്ന് ഒരിക്കൽ മോഹൻലാൽ കുറിച്ചിട്ടുണ്ട്. ഓരോവർഷവും കൃത്യമായ ഇടവേളകളിൽ സുഖചികിത്സയ്ക്കായി അദ്ദേഹം ഇവിടെയെത്തും.
ശരീരത്തിന്റെ സ്വാസ്ഥ്യം തേടുന്നതിനോടൊപ്പംതന്നെ തിരക്കുകളിൽനിന്ന് ഒഴിഞ്ഞ് മാനസികമായ സ്വസ്ഥത നേടാനുള്ള വഴിയായും മോഹൻലാൽ ആയുർവേദചികിത്സയെ കാണുന്നു. ചിട്ടയായ ഭക്ഷണക്രമീകരണം, കൃത്യമായ ചികിത്സ ഇവയൊക്കെ ഈ കാലയളവിൽ അദ്ദേഹം ശീലമാക്കും
