തിരുവനന്തപുരം: ആദ്യമായിട്ടാണ് ഒരു രാജവെമ്പാലയെ പിടിക്കാൻ എത്തുന്നത്. അതിന്റെ അങ്കലാപ്പോ പേടിയോ ഒന്നും റോഷ്നിയുടെ മുഖത്തില്ലായിരുന്നു. പേപ്പാറ അഞ്ചുമരുതുമൂട്ടിലെ ജനവാസ കേന്ദ്രത്തിൽ നിന്ന് രാജവെമ്പാലയെ പിടികൂടാനാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജി എസ് റോഷ്ണി എത്തിയത്. വനം വകുപ്പിൽ ഏകദേശം എട്ട് വർഷത്തോളം നീണ്ട സേവനത്തിനിടെ 800ലധികം വിഷമുള്ളതും ഇല്ലാത്തതുമായ പാമ്പുകളെ രക്ഷപ്പെടുത്തിയിട്ടുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസറാണ് ജി എസ് റോഷ്നി.റോഷ്നിയുടെ ധീരതയുടെ വീഡിയോ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം വൈറലാണ്. വലിയ പ്രശംസക്കൊപ്പം ചെറിയ വിമര്‍ശനങ്ങളും ഇതിനൊപ്പം ഉയരുന്നുണ്ട്. “ബിഗ് സല്യൂട്ട് മാഡം. അവരോടൊപ്പം നിന്ന് ബാഗ് പിടിക്കാനോ സഹായിക്കാനോ ആരെയും കാണുന്നില്ല. എല്ലാവരും ഗാലറിയിലിരുന്ന് അഭിപ്രായം പറയുകയാണ്…” എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്.
