കൊല്ലം: രാവിലെ ട്യൂഷന് പോയി മടങ്ങിവരികയായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. പൂയപ്പള്ളിക്കടുത്തുള്ള സ്കൂളിലെ അദ്ധ്യാപകനായ ഓയൂർ മോട്ടോർകുന്ന് കുഴിവിള വീട്ടിൽ ഷെമീറിനെയാണ് (36) പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 21ന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. വിദ്യാർത്ഥിനിയെ ഷെമീറും മറ്റൊരു താത്കാലിക അദ്ധ്യാപകനും ചേർന്ന് കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. പെൺകുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേച്ചെത്തിയ പൊലീസിനെ കണ്ടതോടെ അദ്ധ്യാപകർ പെൺകുട്ടിയെ വഴിയിലിറക്കിവിട്ട ശേഷം രക്ഷപ്പെട്ടു. പൊലീസ് ഉടൻ തന്നെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി വിദ്യാർത്ഥിനിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അദ്ധ്യാപകനെതിരെ പോക്സോ ആക്ട് പ്രകാരം കേസെടുക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ അദ്ധ്യാപകനെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും ജോലിയിൽ പ്രവേശിക്കാൻ എത്തിയതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അദ്ധ്യാപകനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.