കൊല്ലം: മിയണ്ണൂരിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് ഗ്യാസ് സർവീസ് സെന്ററിലേക്ക് ഇടിച്ചുകയറിയ ശേഷം റോഡിലേക്ക് മറിഞ്ഞു. ബസിലുണ്ടായിരുന്ന 40 ഓളം യാത്രക്കാർക്ക് നേരിയ പരിക്കേറ്റു. ഇതിൽ അഞ്ചോളം പേരുടെ തലയ്ക്കാണ് പരിക്ക്. കൊല്ലത്ത് നിന്നും കുളത്തൂപ്പുഴയിലേക്ക് പോവുകയായിരുന്ന വേണാട് ഓർഡിനറി ബസാണ് മറിഞ്ഞത്. ആക്സിൽ ഒടിഞ്ഞതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ വൈകിട്ട് 6.15 ഓടെ മിയണ്ണൂർ ജംഗ്ഷന് അടുത്തുള്ള ഗ്യാസ് സർവീസ് സെന്ററിന് സമീപമായിരുന്നു അപകടം. കയറ്റം കയറാൻ തുടങ്ങുന്നതിനിടെ ബസ് പെട്ടെന്ന് നിയന്ത്രണം വിട്ട് ഇടിച്ചുകയറിയ ശേഷം മറിയുകയായിരുന്നു. സർവ്വീസ് സെന്ററിന് മുന്നിൽ ഇരുന്ന സ്കൂട്ടർ ബസിനടിയിൽപ്പെട്ടു. സെന്ററിന്റെ മതിലും തിട്ടയും പൂർണമായും തകർന്നു. അപകടത്തിൽ ബസിന്റെ മുന്നിലെയും പിന്നിലെയും ഗ്ലാസുകളും തകർന്നു. സ്ഥലത്തുണ്ടായിരുന്നവർ ഉടൻ തന്നെ യാത്രക്കാരെ ഗ്ലാസിന്റെ ഭാഗത്ത് കൂടി പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ജോൺസൺ സീറ്റിനും സ്റ്റിയറിംഗിനും ഇടയിൽ കുടുങ്ങിയെങ്കിലും കാര്യമായ പരിക്കില്ല.
അപകടം നടക്കുമ്പോൾ 65 ഓളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. ഇതിൽ ഏറെയും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവരായിരുന്നു. വിദ്യാർത്ഥികളുമുണ്ടായിരുന്നു. മിയണ്ണൂർ ജംഗ്ഷനിൽ ഇറങ്ങാനായി ഫുട്ബോർഡിന് സമീപം നിന്നവർക്കാണ് കുടുതൽ പരിക്കേറ്റത്. സംഭവത്തെ തുടർന്ന് റോഡിൽ രണ്ടര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പിന്നീട് ജെ.സി.ബി എത്തിച്ച് ബസ് റോഡിന്റെ വശത്തേക്ക് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. പരിക്കേറ്റവർ തൊട്ടടുത്തുള്ള മിയണ്ണൂർ അസീസിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.