കൊല്ലം: കൊല്ലം തീരത്ത് ഇന്ധന പര്യവേക്ഷണം ആരംഭിക്കുന്നതിന് മുന്നോടിയായി ഓയിൽ ഇന്ത്യ സുരക്ഷാ പഠനം നടത്തുന്നു. ആഴക്കടലിൽ പര്യവേക്ഷണ കിണർ നിർമ്മിക്കാവുന്ന സുരക്ഷിതമായ സ്ഥലം കണ്ടെത്തൽ, പര്യവേക്ഷണം നടക്കുമ്പോൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള അപകടങ്ങളും ഇവ മറികടക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങൾ തുടങ്ങിയവ സംബന്ധിച്ചാണ് പഠനം. ആഴക്കടലിൽ 850 മീറ്റർ വരെ കടലിന്റെ അടിത്തട്ടിലേക്ക് സീസ്മിക് കിരണങ്ങൾ കടത്തിവിട്ടാകും സുരക്ഷാ പഠനം. ഇതിന്റെ അടിസ്ഥാനത്തിൽ കടലിന്റെ അടിത്തട്ടിന്റെ രൂപരേഖ തയ്യാറാക്കിയ ശേഷമാകും കിണർ നിർമ്മിക്കുക. നിലവിൽ ഓയിൽ ഇന്ത്യയ്ക്ക് പര്യവേക്ഷണത്തിന് അനുവദിച്ചിട്ടുള്ള ബ്ലോക്കുകളിൽ മൂന്നര കിലോമീറ്റർ ചുറ്റളവിൽ പരിശോധന നടത്തും. അത്യാധുനിക സൗകര്യങ്ങളുള്ള കപ്പലുകളിൽ ജിയോ ഫിസിസ്റ്റ്, സർവേയർ, നാവിഗേറ്റർ ടെക്നീഷ്യൻ തുടങ്ങിയവരടങ്ങുന്ന വിദഗ്ദ്ധ സംഘമാകും പഠനം നടത്തുക. കൊല്ലം തീരത്തിന് പുറമേ ഉടൻ പര്യവേക്ഷണം ആരംഭിക്കുന്ന ആൻഡമാൻ, ആന്ധ്ര എന്നിവിടങ്ങളിലും പഠനം നടക്കും.