കോതമംഗലം: എറണാകുളം കോതമംഗലത്ത് കാണാതായ പശുവിനെ തിരക്കി വനമേഖലയ്ക്കുള്ളിലേക്ക് പോയ മൂന്ന് സ്ത്രീകളെ കാണാനില്ല. കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിലെ മാളോക്കുടി മായാ ജയന്, കാവുംപടി പാറുക്കുട്ടി കുഞ്ഞുമോന്, പുത്തന്‍പുര ഡാര്‍ളി സ്റ്റീഫന്‍ എന്നിവരെയാണ് കാണാതായത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിവരെ ഇവരുടെ മൊബൈല്‍ ഫോണില്‍ റെയ്ഞ്ച് ഉണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ അറിയിച്ചു. ബുധനാഴ്ചയാണ് പശുവിനെ കാണാതായത്. പശുവിനെ തിരക്കി മൂന്ന് പേരും വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കാടിനുള്ളിലേക്ക് പോകുകയായിരുന്നുവെന്നാണ് വിവരം. വനപാലകരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്.