കൊച്ചി: കോട്ടകെട്ടി പ്രതിരോധിച്ച ഗോവ എഫ്.സിയുടെ ചടുലനീക്കങ്ങള്‍ക്ക് മുന്നില്‍ വീറുറ്റ പോരാട്ടം കാഴ്ചവച്ചെങ്കിലും കേരള ബ്ളാസ്റ്റേഴ്സ് അടിയറവ് പറഞ്ഞു. കൊച്ചിയില്‍ നടന്ന ഐ.എസ്.എല്‍ ഫുട്ബാള്‍ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഗോവ വിജയിച്ചു. 40ാം മിനിട്ടിലാണ് ബ്ളാസ്റ്റേഴ്സ് ഗോളി സച്ചിന് സുരേഷിന്റെ പിഴവിലൂടെ ഗോവ ഗോള്‍ നേടിയത്. ഗോള്‍ പോസ്റ്റിന് വലതുഭാഗത്ത് ലഭിച്ച പന്ത് ഗോവയുടെ ബോറിസ് സിംഗ് തംഗ്ജാം അടിച്ചത് സുരേഷ് കൈകൊണ്ട് തടഞ്ഞെങ്കിലും ഊര്‍ന്നുപോയി വലയിലേയ്ക്ക് ഉരുണ്ടു പതിക്കുകയായിരുന്നു.
തുടക്കം മുതല്‍ ആരംഭിച്ച മുന്നേറ്റ ശ്രമവും ഗോള്‍ നേടാനുള്ള ശ്രമങ്ങളും വിജയത്തില്‍ എത്തിക്കാന്‍ ബ്ളാസ്റ്റേഴ്സിന് കഴിഞ്ഞില്ല. ബ്ളാസ്റ്റേഴ്സിന്റെ മുന്നേറ്റം തടയുകയെന്ന തന്ത്രമാണ് തുടക്കം മുതല്‍ ഗോവ സ്വീകരിച്ചത്. രണ്ടാം പകുതിയില്‍ മൂന്നു താരങ്ങളെ മാറ്റിപ്പരീക്ഷിക്കാന്‍ കോച്ച് സന്നദ്ധനായി. പ്രീതം കോട്ടാല്‍, രാഹുല്‍ കെ.പി., ജിമ്മന്‍സ് എന്നിവരെ പുറത്തിറക്കി കൊറു സിംഗ്, ക്വാമി പെപ്ര, സന്ദീപ് എന്നിവര്‍ കളത്തിലിറങ്ങി.
ഗോവയുടെ ഡ്രാസിക് ഉള്‍പ്പെടെ ബ്ളാസ്റ്റേഴ്സിനെ വിരട്ടുന്ന പ്രകടനമാണ് പുറത്തെടുത്തത്. നേടിയ ലീഡില്‍ വിട്ടുവീഴ്ചയില്ലെന്ന പ്രകടനമാണ് ഗോവന്‍ താരങ്ങള്‍ പുറത്തെടുത്തത്. സീസണിലെ 10 മത്സരങ്ങളില്‍ ബ്ളാസ്റ്റേഴ്സിന്റെ അഞ്ചാം തോല്‍വിയാണിത്.മൂന്ന് ജയവും രണ്ട് സമനിലയും ഉള്‍പ്പടെ 11 പോയിന്റുള്ള ബ്ളാസ്റ്റേഴ്സ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്.ഒന്‍പത് മത്സരങ്ങളില്‍ നാലാം ജയം നേടി 15 പോയിന്റിലെത്തിയ ഗോവ അഞ്ചാം സ്ഥാനത്താണ്.