തിരുവനന്തപുരം: നഗരമധ്യത്തിലെ വഞ്ചിയൂരിൽ പട്ടാപ്പകൽ യുവതിയുടെ വീട്ടിലെത്തിയ മറ്റൊരു സ്ത്രീ എയർപിസ്റ്റൾ ഉപയോഗിച്ചു വെടിയുതിർത്തു. മൂന്നു തവണ വെടിവച്ചതിനെത്തുടർന്നു യുവതിയുടെ കൈക്കു പരിക്കേറ്റു. ഇന്നലെ രാവിലെ 8.30ന് സെക്രട്ടേറിയറ്റിന് ഒന്നര കിലോമീറ്റർ അകലെ വഞ്ചിയൂർ ചെന്പകശേരിയിലാണ് നഗരത്തെ നടുക്കിയ വെടിവണ്ടായത്. വഞ്ചിയൂർ പോസ്റ്റ് ഓഫീസ് ലെയ്ൻ സിആർഎ- 125 ബി പങ്കജിൽ വി.എസ്. ഷിനിക്കാണ് വെടിയേറ്റത്.
വെള്ള സെലോറിയോ കാറിലെത്തിയ സ്ത്രീ വീടിനു സമീപം കാർ പാർക്ക് ചെയ്ത് ആമസോണ് കൊറിയർ ഗേൾ എന്ന വ്യാജേന വീട്ടിലെത്തുകയായിരുന്നു. ജീൻസും ഷർട്ടും ധരിച്ചിരുന്ന സ്ത്രീ മുഖം മറച്ചാണ് എത്തിയത്.
വീട്ടിലെത്തി കോളിംഗ് ബെൽ അമർത്തിയ പ്പോൾ ഷിനിയുടെ ഭർതൃപിതാവ് ഭാസ്കരൻ നായരാണ് കതകു തുറന്നത്. ഷിനിക്ക് രജിസ്റ്റേർഡ് കൊറിയർ ഉണ്ടെന്നും നേരിട്ട് ഒപ്പിട്ടു നൽകണമെന്നും ആവശ്യപ്പെട്ടതനുസരിച്ച് ഭാസ്കരൻനായർ ഷിനിയെ വിളിച്ചു. ഒരു പേനയും കൂടി കൊണ്ടുവരാൻ കൊറിയർ സ്ത്രീ വിളിച്ചു പറഞ്ഞു. ഷിനി ഒപ്പിടാൻ കുനിയുന്നതിനിടെ രണ്ടുതവണ വെടിയുതിർക്കുകയായിരുന്നു. വെടിയുണ്ടകൾ താഴേക്കു പതിച്ചു. വീണ്ടും വെടിവയ്ക്കാനുള്ള ശ്രമം തടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷിനിയുടെ വലതു കൈയിലെ ഉള്ളംകൈക്കു വെടിയേറ്റത്. രക്തം ചീറ്റിത്തെറിക്കുന്നതിനിടെ തടയാനായി മുന്നോട്ടു കുതിച്ച ഭാസ്കരൻ നായരെ ഭാര്യയും മറ്റും ചേർന്നു പിന്തിരിപ്പിച്ചു. ഇതിനിടെ തോക്കുമായെത്തിയ സ്ത്രീ കാറിൽ കയറി വഞ്ചിയൂർ ഭാഗത്തേക്ക് ഓടിച്ചു പോയി.
കൈക്കു ഗുരുതരമായി പരിക്കേറ്റ ഷിനിയെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. മുഖംമൂടി ധരിച്ചിരുന്നതിനാൽ അക്രമിയെ തിരിച്ചറിഞ്ഞില്ലെന്നും സ്ത്രീയാണെന്നു വ്യക്തമായെന്നും ഭാസ്കരൻ നായർ പറഞ്ഞു. ഉയരവും ആരോഗ്യവുമുള്ള സ്ത്രീയാണ് ആക്രമണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
അക്രമിയെന്നു സംശയിക്കുന്ന യുവതിയെത്തിയ കാറിന്റെ നന്പർ വ്യാജമാണെന്നു പോലീസ് അറിയിച്ചു. നെടുമങ്ങാട് സ്വദേശിയുടെ പേരിലുള്ള സ്വിഫ്റ്റ് കാറിന്റെ നന്പരാണ് അക്രമി ഉപയോഗിച്ചിരുന്നത്. എന്നാൽ, കാർ ഒരാഴ്ച മുൻപ് കോഴിക്കോട് സ്വദേശിക്കു വിൽപന നടത്തിയിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങളാകാം അക്രമത്തിനു പിന്നിലെന്നാണു പോലീസ് നിഗമനം. ദേശീയ ആരോഗ്യ ദൗത്യം (എൻആർഎച്ച്എം) തിരുവനന്തപുരത്തെ പിആർഒയാണ് തൃശൂർ സ്വദേശിനിയായ ഷിനി. വഞ്ചിയൂർ സ്വദേശിയായ ഭർത്താവ് മാലദ്വീപിലാണ് ജോലി നോക്കുന്നത്