ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുമായി ബന്ധമുളള പാകിസ്ഥാൻ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. കുപ്വാര ജില്ലയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. ഏറ്റുമുട്ടലിൽ മേജർ ഉൾപ്പടെയുളള അഞ്ച് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്.
വടക്കൻ കശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപം ത്രെഹ്ഗാം സെക്ടറിലെ കുംകാഡി പോസ്റ്റിനടുത്തായാണ് ഏറ്റുമുട്ടൽ നടന്നതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഏറ്റുമുട്ടലിൽ ഒരു പാകിസ്ഥാൻ സൈനികനെ സൈന്യം വധിച്ചിട്ടുണ്ട്. പരിക്കേറ്റവർ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവ സ്ഥലത്ത് ഏറ്റുമുട്ടൽ പുരോഗമിക്കുകയാണ്.
കുപ്വാരയിൽ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ജമ്മു കശ്മീരിലാകെ നിരവധി സൈനികരാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ വീരചരമം പ്രാപിച്ചത്