ആഗ്ര: സ്വത്തുതർക്കം ചർച്ചചെയ്യാനായി വിളിപ്പിച്ച അമ്മയെ പൊലീസ് സ്റ്റേഷനില്‍ വെച്ച് മകൻ തീകൊളുത്തിയതായി റിപ്പോർട്ട്. അലിഗഡിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. പൊലീസുകാരുടെ മുന്നില്‍വെച്ചാണ് 25 കാരനായ ഗൗരവ് കുമ്ര 60 കാരിയായ അമ്മയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം. 70 ശതമാനത്തിലധികം പൊള്ളലേറ്റ ഹേമലതാ ദേവി ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
സ്വത്തു തർക്കവുമായി ബന്ധപ്പെട്ടാണ് പ്രതിയെയും അമ്മയെയും അമ്മാവനെയും ഖൈറിലെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഭർത്താവിന്റെ മരണത്തെത്തുടർന്ന് രണ്ട് ആണ്മക്കള്ക്കൊപ്പം ദാർക്കൻ നഗരിയ ഗ്രാമത്തിലെ തറവാട്ടുവീട്ടിലാണ് മരിച്ച ഹേമലതാ ദേവി താമസിച്ചിരുന്നത്. സ്വത്ത് വീതം വെക്കുന്നതുമായി ബന്ധപ്പെട്ട് കുറച്ച് നാളായി തർക്കം തുടരുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരാതി പൊലീസ് സ്റ്റേഷനിലുമെത്തി.
തുടർന്ന് കാര്യങ്ങള്‍ ചർച്ച ചെയ്യുന്നതിനിടെ പൊലീസുകാരെയും അമ്മാവനെയും സമ്മർദത്തിലാക്കാൻ പ്രതിയായ ഗൗരവ് കുമ്ര അമ്മയെ തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.