മാനവിക പക്ഷത്ത് ഉറച്ചു നിന്ന് രാഷ്ട്രീയം പറയാൻ കലയെ ഉപയോഗപ്പെടുത്തിയ കലാകാരനാണ് സുരേന്ദ്രൻ നായരെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ദൃശ്യകലാരംഗത്ത് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ രാജാരവിവർമ്മ പുരസ്കാരം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിൽ പ്രശസ്ത ചിത്രകാരൻ സുരേന്ദ്രൻ നായർക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നൂറ്റാണ്ടുകൾ പഴക്കമുള്ള നമ്മുടെ സാംസ്കാരിക ജീവിതത്തിന്റെ മാറ്റത്തിലും വളർച്ചയിലും കലാകാരന്മാർ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്. സമൂഹവുമായും മനുഷ്യനുമായും സംവദിക്കുന്ന സർഗാത്മകമായ ആവിഷ്കാരമാണ് കല. കലാകാരന് അരാഷ്ട്രീയമായി നിലകൊള്ളാനാവില്ല. മനുഷ്യപക്ഷ രാഷ്ട്രീയം കലയിലൂടെ രൂപപ്പെടുത്താൻ കലാകാരന്മാർ ശ്രമിക്കണം. പക്ഷേ ഇന്ന് പല കലാകാരന്മാരും ഇമേജിനും സമ്പത്തിനുമാണ് സാമൂഹിക പ്രശ്നങ്ങളേക്കാൾ പ്രാധാന്യം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.