ന്യൂഡല്‍ഹി : ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് റീ ടെസ്റ്റ് നടത്തുന്നതിനെപ്പറ്റി എൻടിഎ ആലോചനയിൽ. ഗ്രേസ് മാർക്ക് വിവാദത്തെക്കുറിച്ച് അന്വേഷണം നടത്താൻ വിദ്യാഭ്യാസമന്ത്രാലയം നിയോഗിച്ച നാലംഗ സമിതി റീ ടെസ്റ്റ് സാധ്യത പരിശോധിച്ചു. യു.പി.എസ്.ഇ. മുൻ ചെയർമാൻ അധ്യക്ഷനായ നാലംഗസമിതിയാണ് ഗ്രേസ് മാർക്ക് ലഭിച്ച 1563 പേർക്ക് റീ ടെസ്റ്റ് സാധ്യത പരിശോധിച്ചത്. രണ്ട് ദിവസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കും. ഗ്രേസ് മാർക്കിംഗിൽ അപാകതയുണ്ടായോ എന്നതിലും റിപ്പോർട്ടിൽ പരാമർശിക്കും. ഗ്രേസ് മാർക്ക് വിവാദം പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് സുപ്രിം കോടതി ഇന്നലെ നീരീക്ഷിച്ചിരുന്നു. കാൽക്കോടിയോളം വിദ്യാർത്ഥികൾ എഴുതിയ നീറ്റ് 2024 പ്രവേശന പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നെന്നായിരുന്നു ആരോപണം. സാധാരണ ഒന്നോരണ്ടോ പേർ മുഴുവൻ മാർക്കും നേടി ഒന്നാമതെത്തുന്ന സ്ഥാനത്ത് 67 പേർ 99.99 ശതമാനം മാർക്കോടെ ഒന്നാം റാങ്കുകാരായിരുന്നു. ഇതിൽ ആറ് പേർ ഒരേ സെന്ററിൽ നിന്ന് പരീക്ഷ എഴുതിയവരാണെന്നും ആരോപണമുയർത്തിയവർ പറയുന്നു.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയരുന്നത്. നീറ്റ് പരീക്ഷ ഫലത്തിൽ അട്ടിമറിയെന്നായിരുന്നു ഉയരുന്ന പ്രധാന ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് വിദ്യാർത്ഥികൾ പരാതി നൽകിയിട്ടുണ്ട്. 67 പേർക്ക് ഒന്നാം റാങ്ക് ലഭിച്ചതും ചില വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകിയതിലും അട്ടിമറിയുണ്ടെന്നാണ് ആരോപണം.