പാലക്കാട് : ചെർപ്പുളശ്ശേരിയിലെ മത്സ്യ മാർക്കറ്റിൽ നിന്നും പഴകിയ മത്സ്യം പിടികൂടി. ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിലാണ് മാർക്കറ്റിൽ നിന്നും 75 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടിയത്. ചെർപ്പുളശ്ശേരി-ഒറ്റപ്പാലം റോഡിൽ പ്രവർത്തിക്കുന്ന മത്സ്യ മാർക്കറ്റിലാണ് ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും ചേർന്ന് മിന്നൽ പരിശോധന നടത്തിയത്. സ്ഥിരമായി പരാതികൾ ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.
നഗരസഭ ആരോഗ്യ വിഭാഗത്തിന് ലഭിച്ച പരാതികൾ പരിഗണിച്ച ഭക്ഷ്യവകുപ്പ് വിൽപ്പനക്കായി വച്ചിരുന്ന മത്സ്യങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് മൊബൈൽ ലാബിൽ തൽസമയം പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ ഒരാഴ്ച പഴക്കമുള്ള മത്സ്യങ്ങൾ കണ്ടെത്തി. തുടർന്ന് സ്ഥാപന ഉടമകൾക്ക് പിഴ ചുമത്തുകയും 75 കിലോയോളം പഴകിയ ചൂര മത്സ്യം പിടിച്ചെടുത്ത് നഗരസഭ മാലിന്യനിർമാർജന യാർഡിൽ എത്തിച്ച് ഒടുവിൽ നശിപ്പിക്കുകയുമായിരുന്നു.