കൊല്ലം: അച്ഛനും അമ്മയ്ക്കും ഒപ്പം വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കേരളപുരം സ്വദേശി മാധവ് കൊട്ടിയം എസ്.എൻ പോളിടെക്നിക്കിലെ ഏറ്റവും സമർത്ഥനായ വിദ്യാർത്ഥിയാണ്. രണ്ടാം വർഷ മെക്കാനിക്കൽ വിദ്യാർത്ഥിയായ മാധവ് ക്ലാസിലെ ഒന്നാം സ്ഥാനക്കാരനുമായിരുന്നു.
ഏതാനും മാസം മുൻപ് കൊട്ടിയം പോളിടെക്നിക്കിൽ നടന്ന ഇന്റർ പോളി ഇംഗ്ലീഷ് പ്രസംഗത്തിൽ മാധവ് ഒന്നാം സ്ഥാനം നേടിയിരുന്നു. വീട്ടിലെ സാമ്പത്തിക പ്രയാസങ്ങളൊന്നും അവൻ കൂട്ടുകാരോട് പങ്കുവച്ചിരുന്നില്ല. ഇക്കഴിഞ്ഞ ബുധനാഴ്ച മാധവ് കോളേജിൽ എത്തിയിരുന്നു. തൊട്ടടുത്ത ദിവസം കോളേജിൽ നടക്കുന്ന ചടങ്ങിൽ, യൂത്ത് ഫെസ്റ്റിവലിൽ പ്രസംഗത്തിന് ഒന്നാം സ്ഥാനം നേടിയതിന് മാധവിന് പ്രത്യേക സമ്മാനം നൽകാൻ തീരുമാനിച്ചിരുന്നു. മാധവ് സമ്മാനം വാങ്ങുന്നതു കാണാൻ സഹപാഠികൾ കാത്തിരുന്നു. പലതവണ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ഇന്നലെ രാവിലെയാണ് സഹപാഠികൾ മാധവ് യാത്ര പറഞ്ഞു പോയ വിവരം അറിഞ്ഞത്.